കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റുചെയ്യപ്പെട്ട അലനും താഹയും മാവോയിസ്റ്റ് സ്വാധീന വലയത്തിൽ പെട്ടിരുന്നുവെന്ന നിലപാടിൽ മാറ്റം വരുത്താതെ സി.പി.എം. തെളിവില്ലെന്ന് പറഞ്ഞ് കോടതി രണ്ടുപേർക്കും ജാമ്യം അനുവദിച്ചുവെങ്കിലും പാർട്ടി അന്വേഷണത്തിൽ അവർ മാവോയിസ്റ്റ് സ്വാധീനത്തിൽ പെട്ടിരുന്നുവെന്നതിന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് അവർക്കെതിരേ നടപടിയെടുത്തതെന്നും കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന് എത്തിയപ്പോൾ പൊതുചർച്ചയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വെച്ചുതന്നെ പന്തീരങ്കാവ് യു.എ.പി.എ വിഷയം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചിരുന്നു.
ദേശീയ തലത്തിൽ യു.എ.പി.എയെ എതിർക്കുകയും കേരളത്തിൽ യു.എ.പി.എ ചുമത്തി പാർട്ടിയുടെ സജീവ പ്രവർത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തത് ശരിയാണോ എന്നായിരുന്നു പ്രതിനിധികൾ പൊതുചർച്ചയിൽ ചോദിച്ചത്. കേരളത്തിൽ ഇത് ഇങ്ങനെ തന്നെയായിരുന്നോ നടപ്പാക്കേണ്ടിയിരുന്നത് എന്നും ചോദിച്ചിരുന്നു. അവർക്കെതിരേ തെളിവില്ലെന്ന് പറഞ്ഞ് കോടതി രണ്ടുപേരേയും ജാമ്യത്തിൽ വിട്ടത് പോലീസിന്റെ നീതി നിഷേധത്തിന് തെളിവാണെന്നും പ്രതിനിധികൾ ഉന്നയിച്ചിരുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ന്യായമായ കാര്യങ്ങൾക്ക് പോലും പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പൊതു ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പന്തീരങ്കാവ് യു.എ.പി.എ കേസിൽ പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ മാധ്യമങ്ങളോട് പറഞ്ഞത്.