പ്രണയം എതിർത്തതിന് കൊലപാതകം, മരിച്ചത് മൂത്തയാൾ; വടക്കൻ പറവൂർ കേസിൽ നിർണായക വഴിത്തിരിവ്

December 29, 2021
147
Views

കൊച്ചി: വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒളിവിൽ പോയത് ഇളയ സഹോദരിയെന്ന് ഉറപ്പിച്ച് പൊലീസ്. മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടി വിസ്മയയാണ് എന്നാണ് പൊലീസ് നി​ഗമനം. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് അറിയിച്ച പൊലീസ്, ഇളയ പെണ്‍കുട്ടിക്ക് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയാണെന്നും പറഞ്ഞു.

ഇളയ പെൺകുട്ടി ജിത്തു, പ്രണയം എതിർത്തതിനെ തുടർന്ന് വിസ്മയയെ കൊലപ്പെടുത്തിയതാന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്ന് വൈകീട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇളയ പെൺകുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് കൗൺസിലർ ബീന ശശിധരൻ പറയുന്നു.

ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ്  മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ ഇരട്ട സഹോദരിയിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. സഹോദരിയെ കൊലപ്പെടുത്തി ഇരട്ട സഹോദരി  രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പെരുവാരം  അറയ്ക്കപ്പറമമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ  ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. അതിൽ ഒന്നിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിൽക്കൽ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്. മത്സ്യ വിൽപ്പനക്കാരനാണ്  ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂർത്തിയാക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *