പാര്‍ലമെൻറ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം കനത്തു
ന്യൂഡല്‍ഹി: പാര്‍ലമെൻറ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം കനത്തു. ലോക്‌സഭ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു.
സിആര്‍പിസി നിയമ ഭേദഗതി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
പാര്‍ലമെന്റിന്റെ അവസാന ദിനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ വരണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് ഉന്നയിച്ചത്. എന്നാല്‍ ഇത് ചട്ട വിരുദ്ധമാണെന്നും ഖാര്‍ഗെയുടെ പ്രസ്താവന പരിശോധിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് ആരെ വേണമെങ്കിലും സസ്‌പെൻഡ് ചെയ്യാൻ കഴിയുന്ന നിലയിലേക്ക് പാര്‍ലമെന്റ് മാറിയെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.