പാര്‍ലമെന്റിലെ സുരക്ഷാവീഴ്‌ച: ലളിത്‌ ഝാ ഏഴു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍

December 16, 2023
41
Views

പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധം നടത്തിയ സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ബിഹാര്‍ സ്വദേശി ലളിത്‌ ഝാ പോലീസില്‍ കീഴടങ്ങി.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധം നടത്തിയ സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ബിഹാര്‍ സ്വദേശി ലളിത്‌ ഝാ പോലീസില്‍ കീഴടങ്ങി.

കോടതിയില്‍ ഹാജരാക്കിയ ലളിതിനെ ഏഴു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.
മുഖ്യആസൂത്രകന്‍ താനാണെന്ന്‌ ലളിത്‌ ഝാ സമ്മതിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി വിവിധ സംസ്‌ഥാനങ്ങളിലേക്കു കൊണ്ടുപോകേണ്ടതുണ്ടെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഖാന്ത്‌ പ്രസാദ്‌ സിങ്‌ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ലളിത്‌ ഝായുടെ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവെടുപ്പിനായി 15 ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന്‌ ഡല്‍ഹി സിറ്റി പോലീസ്‌ ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ ലളിത്‌ ഝായെ പട്യാലഹൗസ്‌ അഡീ. സെഷന്‍സ്‌ ജഡ്‌ജി ഹര്‍ദീപ്‌ കൗര്‍ ഏഴു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തത്‌.
വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ ലളിത്‌ ഝാ ഡല്‍ഹിയിലെ കര്‍ത്തവ്യപഥ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്‌. തുടര്‍ന്ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി അന്വേഷണസംഘത്തിനു കൈമാറി. അറസ്‌റ്റിലായ മറ്റു നാലുപേരുടെയും മൊബൈല്‍ ഫോണുകള്‍ ലളിത്‌ ഝായുടെ കൈവശമായിരുന്നെന്നും തെളിവു നശിപ്പിക്കാനായി ഇത്‌ ഇയാള്‍ തീയിട്ടു നശിപ്പിച്ചെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ഇയാള്‍ നശിപ്പിച്ചതായും സൂചനയുണ്ട്‌. പാര്‍ലമെന്റിനു പുറത്ത്‌ കാനിസ്‌റ്റര്‍ കത്തിക്കുന്നതിന്റെയും പ്രതിഷേധത്തിന്റെയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. പിന്നാലെ ഈ ദൃശ്യങ്ങള്‍ കൊല്‍ക്കത്തയിലെ എന്‍.ജി.ഒയ്‌ക്ക്‌ അയച്ചുകൊടുത്തു. തുടര്‍ന്നാണ്‌ ലളിത്‌ ഝാ ഒളിവില്‍ പോയത്‌.
മറ്റു നാലു പേരെയും ഉള്‍പ്പെടുത്തി പദ്ധതി ആസൂത്രണം ചെയ്‌തു നടപ്പാക്കിയത്‌ ലളിത്‌ ആണെന്നു പോലീസ്‌ പറഞ്ഞു. പലയിടങ്ങളില്‍വച്ചായിരുന്നു ആസൂത്രണം.
വിവിധ സംസ്‌ഥാനങ്ങളിലെത്തിച്ച്‌ തെളിവെടുക്കുന്നതിനൊപ്പം ലളിത്‌ ഝായുടെ മൊബൈല്‍ ഫോണും കണ്ടെത്തേണ്ടതുണ്ട്‌. അതിനുശേഷമേ അതിക്രമത്തിന്റെ പ്രധാനകാരണം കണ്ടെത്താനാകൂവെന്നു ഡല്‍ഹി പോലീസ്‌ പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ലളിത്‌ ഝാ കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്‌തിരുന്നു. ശാന്തനായ മനുഷ്യനെന്നാണ്‌ കൊല്‍ക്കത്തയിലെ പരിചയക്കാര്‍ ലളിത്‌ ഝായെ വിശേഷിപ്പിച്ചത്‌. പിന്നീട്‌ കൊല്‍ക്കത്തയിലെ ബുറാബസാറിലേക്ക്‌ ലളിത്‌ താമസം മാറ്റി. കുറച്ചുകാലമായി ഒറ്റയ്‌ക്കായിരുന്നു താമസമെന്നും അയല്‍ക്കാര്‍ പറഞ്ഞു.
കേസിലെ മറ്റു പ്രതികളായ ഡി. മനോരഞ്‌ജന്‍, സാഗര്‍ ശര്‍മ, നീലം ആസാദ്‌, അമോല്‍ ഷിന്‍ഡെ എന്നിവരെ ബുധനാഴ്‌ചതന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ക്കെതിരേ യു.എ.പി.എ. നിയമപ്രകാരമാണ്‌ കേസെടുത്തത്‌. പട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെയും ഏഴു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *