പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച മുതല്‍

November 30, 2023
27
Views

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക.

ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ 18 ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.

ഭാരതീയ ന്യായ സംഹിത എന്നാണ് 1860-ല്‍ നിലവില്‍ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര്. 1973-ല്‍ നിലവില്‍ വന്ന സി.ആര്‍.പി.സിയ്ക്ക് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. ഭാരതീയ സാക്ഷ്യ ബില്‍ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന് ബി.ജെ.പി. സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്ന പേര്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും ശീതകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് ബുള്ളറ്റിൻ പറയുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി വിധി.

എന്നാല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ സമിതിയില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനായാണ് കേന്ദ്രം ബില്‍ ഈ രീതിയില്‍ അവതരിപ്പിച്ചത്.

ജമ്മു കശ്മീര്‍ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 107-ല്‍ നിന്ന് 114 ആയി ഉയര്‍ത്തുന്ന ബില്ലാണ് മറ്റൊന്ന്. കശ്മീരി കുടിയേറ്റക്കാര്‍ക്കും പാക് അധീന കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ഇതെന്നാണ് വിശദീകരണം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *