പത്തനംതിട്ട : കടത്തിണ്ണകളിൽ വല്യമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ നൽകി പ്രത്യേകകോടതി. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവലി(63)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ 109 വർഷം കഠിനതടവും 6,25,000 പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
2021 മാർച്ച് 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. തമിഴ്നാട് സ്വദേശികളായ മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ 12 കാരിയുൾപ്പെടെ 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. തിരുവല്ല കടപ്രയിൽ കടത്തിണ്ണയിൽ ഇവർ കഴിയുന്നതുകണ്ട് മുൻ ബ്ലോക്ക് പ്രസിഡന്റ് സൂസമ്മ പൗലോസ് ഇടപെട്ട് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചതിനെതുടർന്ന്, ആൺകുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 കാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും വളർത്താൻ ദത്തുനൽകി. തുടർന്ന്, കുട്ടികളെ സുരക്ഷിതയിടങ്ങളിൽ എത്തിച്ചു എന്ന് കരുതിയ വല്യമ്മ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു.
മക്കൾ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കുനൽകി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കിയത്. അന്നുമുതൽ ഒരുവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്, തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. നിരാലംബയും നിസ്സാഹയുമായ പെൺകുട്ടിക്ക് സഹിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു.
അതിനിടെ, പ്രതിയുടെ ഭാര്യ സ്കൂട്ടറിൽ നിന്ന് വീണു പരിക്കേറ്റിരുന്നു. ആസമയം, കുട്ടിയെ നോക്കാൻ കഴിയില്ലെന്നുപറഞ്ഞു ഇയാൾ ശിശുക്ഷേമസമിതിയെ സമീപിക്കുകയും, കുട്ടിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ, ആൺകുഞ്ഞിനെ ദത്തെടുത്ത വീട്ടുകാർ സമിതിയെ സമീപിച്ച് 12 കാരിയെക്കൂടി ദത്ത് കിട്ടാൻ അപേക്ഷ നൽകി. അനുകൂലമായ ഉത്തരവുണ്ടാവുകയും, അവർ പെൺകുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. തുടർന്ന് , ആ വീട്ടിലെ അമ്മയോട് കുട്ടി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് പന്തളം പോലീസിനെ വീട്ടുകാർ സമീപിച്ചതും, പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തത്. 2022 ആഗസ്റ്റ് 23 ന് അന്നത്തെ പന്തളം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീകുമാറാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തെളിയിക്കപ്പെടുന്ന കേസുകളിൽ, കൂടുതൽ കാലയളവ് കഠിനതടവ് ഉൾപ്പെടെയുള്ള വിധികൾ പുറപ്പെടുവിപ്പിക്കുന്ന അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ ഉത്തരുവകൾ ശ്രദ്ധേയമായിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷ്യൻ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷ്യനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ ഹാജരായി.