കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്കും തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകാൻ എൻ.സി.പി. സംസ്ഥാന ഭാരവാഹികളുടെ
യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
എൻസിപി നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന തെറ്റായ ചില മാധ്യമ വാർത്തകളെ തുടർന്നും മുൻ സംസ്ഥാന ട്രഷറർ എൻ എ മുഹമ്മദ് കുട്ടിയുടെ പാർട്ടി വിരുദ്ധ പ്രസ്താവനയുടെ അടിസ്ഥാനത്തിലുമാണ് ഓൺലൈനിൽ അടിയന്തിരമായാണ് യോഗം ചേർന്നത്.
കോർപ്പറേഷൻ ചെയർമാൻ പദവി ലഭിക്കാത്തതിന്റെ മോഹഭംഗമാണ് മുഹമ്മദ് കുട്ടിയുടെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ . കോർപ്പറേഷനിൽ അടക്കമുള്ള വിവിധ നിയമനങ്ങൾ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്തത് ഒറ്റക്കെട്ടായി അംഗീകരിച്ചതാണ്.
പാർട്ടി വിരുദ്ധ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് നൽകി സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ആരു നടത്തിയാലും അതിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം തീരുമാനിച്ചു.
പിസി ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും ആവേശ ഭരിതമായ വളർച്ചയാണ് പാർട്ടി സംസ്ഥാനത്ത് കാഴ്ച വെക്കുന്നതെന്നും
യോഗം വിലയിരുത്തി.
വിഭാഗീയ ശ്രമങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും ഇത്തരക്കാർക്കെതിരെ നടപടി അനിവാര്യമാണെന്നും യോഗം ഐക്യകണ്ഠേന
ആവശ്യപ്പെട്ടു . ഇതിനായി സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ഇക്കാര്യത്തിൽ പിസി ചാക്കോ ഉടൻ കൂടിക്കാഴ്ച്ച നടത്തും.
മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം, ബ്ലോക്ക് മണ്ഡലം ഓഫീസുകളുടെ ഉദ്ഘാടനം , അംഗത്വ വിതരണ ക്യാംപെയിൻ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. കെ റെയിൽ പദ്ധതിക്കുള്ള പിന്തുണ യോഗം ആവർത്തിച്ചു.
എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി എം സുരേഷ്ബാബു, പി കെ രാജൻ മാസ്റ്റർ, ലതികാ സുഭാഷ് തുടങ്ങിയവർ
ഉൾപ്പെടെ 35 സംസ്ഥാന ഭാരവാഹികളും , യോഗത്തിൽ പങ്കെടുത്തു.