വിവാദങ്ങളുണ്ടാക്കിയ ജയസൂര്യ ചിത്രം ‘ഈശോ’ക്ക് യു സര്‍ഫിക്കറ്റ് ലഭിച്ച സന്തോഷം പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍.സിനിമ കണ്ടതിന് ശേഷം കുടുംബമായി സിനിമ കാണണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ചിത്രത്തിന് പേരിടുമ്ബോള്‍ ഇങ്ങനൊരു വിവാദത്തിന് ഇടയാകുമെന്ന് ചിന്തിച്ചിരുന്നില്ല. നായക കഥാപാത്രത്തിന്റെ പേരാണ് സിനിമക്ക് നല്‍കിയത്. സംവിധായകന്‍ നാദിര്‍ഷയുടെ ആദ്യ സിനിമയായ ‘അമര്‍ അക്ബര്‍ അന്തോണി’ മുതല്‍ ‘ഈശോ’ വരെ നായകന്‍മാരുടെ പേരാണ് സിനിമക്ക് നല്‍കുന്നത്.
ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ഈശോ നോട്ട് ഫ്രം ബൈബിള്‍ എന്നുണ്ടായിരുന്നു. അത് തെറ്റിധാരണ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണ്. പിന്നീട് പലരും പറഞ്ഞാണ് അതിന്റെ അര്‍ഥതലങ്ങള്‍ മനസിലാക്കിയത്. രണ്ടാമത്തെ പോസ്റ്ററില്‍ നോട്ട് ഫ്രം ബൈബിള്‍ എന്നുള്ളത് എടുത്തുമാറ്റിയിരുന്നെന്ന് അരുണ്‍ വ്യക്തമാക്കി.
അതേസമയം, ‘ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ല. ‘നോട്ട് ഫ്രം ബൈബിള്‍’ എന്നെഴുതിയതാണ് പ്രശ്‌നനെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമ ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെയാണ് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രം ഈശോയുടെ സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡില്‍ വിവിധ സംഘടനകള്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ മോശമായി ഒന്നും പരാമര്‍ശം ഇല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു. ഈ സിനിമയ്ക്ക് മറ്റൊന്നും പേര് നല്‍കാന്‍ കഴിയില്ലെന്നും സെന്‍സര്‍ബോര്‍ഡ് വിലയിരുത്തി.