ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെ്ക്കണമെന്ന് പ്രതിപക്ഷം ഇന്ന് സഭയില്‍ ആവശ്യപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതിനിടെ സമര തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷം ഇന്ന് രാവിലെ പത്തു മണിക്ക് പാര്‍ലമെന്റ് ഹൗസില്‍ യോഗം ചേരുന്നുണ്ട്.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയും ലോക്‌സഭയും രണ്ട് തവണ നിര്‍ത്തി വെച്ചിരുന്നു. ഇന്നും ഈ വിഷയത്തില്‍ സമാന പ്രതിഷേധം തന്നെയാവും പ്രതിപക്ഷം ഉയര്‍ത്തുക. ടി.എം.സി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അടിയന്തര പ്രമേയത്തിന് ഇന്ന് നോട്ടിസ് നല്‍കിയേക്കും.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ ലോക്‌സഭയില്‍ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം അതില്‍ തൃപ്തരല്ല. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുനത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ഈ വിഷയത്തില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയില്‍ ഇന്ന് മറുപടി പറഞ്ഞേക്കാം. അതെ സമയം ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സുരക്ഷാ ഏജന്‍സി മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂടുതല്‍ പേരു വിവരങ്ങള്‍ ഇന്ന് പുറത്ത് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെഗാസസിന് പുറമെ ഇന്ധന വിലവര്‍ദ്ധനയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ഈ സഭാ സമ്മേളനത്തില്‍ ആയുധമാക്കാനാണ് പ്രതീക്ഷ നീക്കം.