പെഗാസസ് ഫോൺ ചോർത്തൽ: വിവരങ്ങളും രേഖകളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം

November 29, 2021
236
Views

ന്യൂ ഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാർക്ക് നിർദേശം. സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയാണ് നിർദേശം നൽകിയത്. ചോർത്തപ്പെട്ട മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അതും സാങ്കേതിക പരിശോധനയ്ക്ക് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.

പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് രവീന്ദ്രൻ സമിതിക്ക് മുമ്പാകെ മൊഴി നൽകാൻ താത്പര്യം ഉണ്ടോ എന്ന കാര്യവും അറിയിക്കാൻ ഹർജിക്കാരോട് സാങ്കേതിക സമിതി നിർദേശിച്ചിട്ടുണ്ട്. ചോർത്തപ്പെട്ട ഫോൺ കൈമാറിയാൽ അത് പരിശോധനയ്ക്കായി അയക്കും. ഡെൽഹിയിൽ വച്ചാണ് ഫോൺ കൈമാറേണ്ടത്. കൈമാറിയ ഫോൺ പരിശോധനയ്ക്ക് ശേഷം തിരികെ നൽകുമെന്നും സാങ്കേതിക സമിതി ഹർജിക്കാർക്ക് അയച്ച ഇ മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ അഞ്ചിന് മുമ്പ് ഫോൺ കൈമാറണമെന്നാണ് നിർദേശം.

ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ അധ്യക്ഷതയിൽ ഉള്ള സമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി, കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ധൻ ഡോ. സന്ദീപ് ഒബ് റോയി എന്നിവർ അംഗങ്ങളാണ്. വിദഗ്ധ സമിതിയെ സഹായിക്കാൻ ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗർ, ഗുജറാത്ത്), ഡോ. പി. പ്രഭാകരൻ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനിൽ ഗുമസ്ത (ഐ.ഐ.ടി മുംബൈ) എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്കും സുപ്രീം കോടതി രൂപം നൽകിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *