വിധവാ പെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
വിധവാ പെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
പണമില്ലാത്തതിൻ്റെ പേരില്‍ സര്‍ക്കാരിൻ്റെ പരിപാടികള്‍ എന്തങ്കിലും മുടങ്ങുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.
ക്രിസ്മസിന് പെൻഷൻ ചോദിച്ചുവന്നത് നിസാരമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി 78 വയസുള്ള സ്ത്രീയാണ് ഹര്‍ജിക്കാരിയെന്നും സര്‍ക്കാരിനോട് പറഞ്ഞു. 1600 രൂപയല്ലേ ചോദിക്കുന്നുളളുവെന്നും മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മറിയക്കുട്ടി കോടതിക്ക് വിഐപിയാണ്. സര്‍ക്കാരിൻ്റെ കയ്യില്‍ പണമില്ലെന്ന് പറയരുത്. സര്‍ക്കാര്‍ പല ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിക്ക് പൗരന്റെ ഒപ്പം നില്‍ക്കാനേ സാധിക്കൂ. 1600 രൂപ സര്‍ക്കാരിന് ഒന്നുമാല്ലായിരിക്കും. എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി വിമര്‍ശിച്ചു.
പണമില്ലാത്തതിന്റെ പേരില്‍ ഏതെങ്കിലും ആഘോഷം വേണ്ടെന്ന് വെക്കുന്നുണ്ടോയെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി സര്‍ക്കാര്‍ മുൻഗണന നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ക്രിസ്മസ് സീസണാണെന്ന് ഓര്‍ക്കണമെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു.
മറിയക്കുട്ടിക്ക് വേറെ വരുമാനമൊന്നുമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ വിഹിതം കിട്ടിയിട്ടില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.