രാഷ്ട്രപതിയെ അപമാനിക്കാനുള്ള നീക്കം ജനം തള്ളും; ആദിവാസികളോടും സ്ത്രീകളോടും സിപിഎമ്മിന് അസഹിഷ്ണുത

March 24, 2024
54
Views

രാഷ്ട്രപതിയെ സിപിഎം വിചാരണക്ക് വിധേയമാക്കുന്നതിൽ അത്ഭുതമില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ദേശീയ ജനാധിപത്യ സഖ്യം ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ തന്നെ സിപിഎം എതിർത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സിപിഎമ്മിന്‍റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിന് പിന്നില്‍. ചരിത്രത്തിൽ ആദ്യമായല്ല രാഷ്ട്രപതി ബില്ലുകൾ തടഞ്ഞുവക്കുന്നതെന്നും എന്നാൽ ആരും രാഷ്ട്രപതിഭവനെ കോടതി കയറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കാനുള്ള സിപിഎം നീക്കം ജനം തള്ളുമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ടുപിടിച്ചിട്ട്, വനിതാമുഖ്യമന്ത്രി വേണ്ട, പുരുഷൻ മതിയെന്ന നിലപാട് സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റുകാർ. സിപിഎം പോളിറ്റ് ബ്യൂറോയിൽ പോലും ദളിതരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയത് സമീപകാലത്ത് മാത്രമാണ്. ആദിവാസി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് തിരിമറി നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആറ്റിങ്ങലിൽത്തന്നെ സ്കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ പരാതി പറഞ്ഞുവെന്ന് ലോക്സഭാ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി പറഞ്ഞു. ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നവർക്ക് സംരക്ഷണം നൽകിയവരാണ് സിപിഎം എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

1600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലാത്തവർ ലക്ഷങ്ങൾ മുടക്കി കേസിന് പോകുന്നതെങ്ങനെയെന്ന് കേരളം ചിന്തിക്കും.ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സ്വജനപക്ഷപാത നിയമങ്ങളാണ് രാഷ്ട്രപതി പിടിച്ചുവച്ചിരിക്കുന്നത്. നിയമസഭയെ അഴിമതിക്കുള്ള കളമാക്കരുതെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *