ന്യൂഡൽഹി: കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി(വാറ്റ്) കുറച്ചത്.
കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ സംസ്ഥാനങ്ങൾ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു.
പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു.
ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായത്.
ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ സംസ്ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.