മഹാദുരന്തങ്ങൾക്ക് മുന്നിൽ കേരളം പകച്ചുപോയ വർഷങ്ങളാണ് കടന്നുപോയത്. കൊവിഡ് എന്ന മഹാമാരിയോട് ഇപ്പോഴും പോരടിച്ചുകൊണ്ടിരിക്കുന്ന കേരളീയർക്ക് കണ്ണു നനയിക്കുന്ന ഓർമയാണ് പെട്ടിമുടി ദുരന്തം. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഹാദുരന്തം തുടച്ചു മാറ്റിയത് 70 ജീവനുകളായിരുന്നു. ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്.
മറക്കാനാഗ്രഹിക്കുന്ന ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ഓഗസ്റ്റ് 6. മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.