ഫൈസര്‍ വാക്‌സീന്റെ മൂന്ന് ഡോസുകള്‍ എടുത്തു; യുഎസിൽ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമിക്രോൺ

December 18, 2021
403
Views

യുഎസിൽ നിന്ന് മുംബൈയിൽ എത്തിയ 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ലെന്നും ഫൈസർ വാക്‌സിന്റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്നും ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി.

നവംബർ 9 ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.

ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

നഗരത്തിൽ ഇതുവരെ കണ്ടെത്തിയ 15 ഒമിക്രോൺ രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി കെ പോൾ മുന്നറിയിപ്പ് നൽകി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *