തൊണ്ടയാട് ബൈപ്പാസിൽ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

January 14, 2022
246
Views

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തോക്ക് ലൈസൻസ് ഉള്ള ആളെത്തി പന്നിയെ വെടിവെച്ചത്. മുക്കം സ്വദേശിയായ സി.എം ബാലനെന്നയാളാണ് പന്നിയെ വെടിവെച്ചത്. പന്നിക്ക് ഏകദേശം ഒരു ക്വിന്റെലിൽ അധികം തൂക്കമുണ്ട്. ബൈപ്പാസിൽ മാലിന്യങ്ങൾ തള്ളുന്നത് കൊണ്ടാണ് പന്നി ഇവിടെ എത്തിയതെന്നും സി.എം ബാലൻ പറഞ്ഞു.

ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിമുക്ക് ചിറ്റടിപുറായിൽ സിദ്ധിഖ് (38) ആണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്. കക്കോടി കിഴക്കുംമുറി മനവീട്ടിൽ താഴം ദൃശ്യൻ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂർ അരയംകുളങ്ങര മീത്തൽ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ് (22) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊണ്ടയാട് ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ 4.45-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു.

സോളാർ പാനൽ വെൽഡിങ് ജോലിയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു സിദ്ധിഖ് ഉൾപ്പെടെയുള്ളവർ. സിദ്ധിഖ് വാനിന്റെ മുൻസീറ്റിലിരിക്കുകയും അനൂപും ദൃശ്യൻ പ്രമോദും പിൻസീറ്റിൽ കിടന്നുറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. സാരമായി പരിക്കേറ്റ സന്നാഫിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *