പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ “തീവ്രവാദം”; സിപിഎമ്മിനെ തള്ളി മുഖ്യമന്ത്രി

October 4, 2021
133
Views

കോഴിക്കോട്: പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന സിപിഎം ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എംഎല്‍എ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സിപിഎം വാദം തള്ളി രം​ഗത്തെത്തിയത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ക്ക് നല്‍കിയ കുറിപ്പിലാണ് പ്രഫഷണല്‍ കാംപസുകള്‍ കേന്ദ്രീകരിച്ച്‌ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന വാദം ഉയര്‍ത്തിയത്.

സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാസമ്ബന്നരായ യുവതികളെ വര്‍​ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ റിപോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

പ്രഫഷനല്‍ കാംപുസുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാസമ്ബന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് സിപിഎം കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച്‌ നടത്തുന്നുണ്ടെന്നും സിപിഎം ആരോപിച്ചിരുന്നു.

സര്‍ക്കാരിന് ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ സാധിച്ചതോടെ സിപിഎം നടത്തുന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വരംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. പാലാ ബിഷപ്പിന്റെ നാര്‍ക്കാട്ടിക് ജിഹാദ് ആരോപണത്തിന് തൊട്ടുപിന്നാലെയായിരുന്നു മുസ് ലിം വിരുദ്ധ ഉള്ളടക്കമുള്ള സിപിഎം റിപോര്‍ട്ട് പുറത്തുവന്നത്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *