തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തുന്ന സമരം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.എം മുകേഷ് എംഎല്‍എയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. എന്നാല്‍ കുറേക്കാലമായി അത്തരം സംഭവങ്ങള്‍ അന്യമാണ്.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാന്‍ സമ്മതിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്.
അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്രോഹികള്‍ എന്നാണ് വിളിക്കുന്നത്. ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുകയും നിരോധനം കല്‍പ്പിച്ചു ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നത് അത്തരം ഫാസിസ്റ്റു മനോഭാവത്തിന്റെ ഭാഗമായാണ്. ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല.
ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. പൗരന്റെ മൗലികാവകാശം ഇല്ലാതാക്കാന്‍ കരിനിയമ വാഴ്ച അടിച്ചേല്‍പ്പിച്ചു നാടിനെ ഇരുട്ടിലേക്ക് തള്ളിയതിന്റെ ഹാങ് ഓവറില്‍ നിന്ന് ഒരു കൂട്ടര്‍ ഇപ്പോഴും മോചനം നേടിയിട്ടില്ല എന്നാണിത് കാണിക്കുന്നത്. ഇത് ഒരു പരിഷ്‌കൃത സമൂഹത്തില്‍, സംസ്‌കാരസമ്പന്നമായ സമൂഹത്തില്‍ ഉണ്ടായിക്കൂടാത്തതാണ്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ ദയാദാക്ഷിണ്യത്തിനു കീഴിലല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപ്രകാരമുള്ള എല്ലാ നടപടികളും ഉണ്ടാവും