രാജ്യത്ത് ജൂലായ് 1 മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കും

February 18, 2022
157
Views

പ്ലാസ്റ്റിക് സ്പൂണ്‍ മുതല്‍ ഇയര്‍ബഡുകള്‍ വരെ നിരോധിക്കും
പ്ലാസ്റ്റിക് പതാകകള്‍ മുതല്‍ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇയര്‍ബഡുകള്‍ വരെയുള്ള സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.
ജൂലൈ 1 മുതല്‍ ഇത്തരം വസ്തുക്കള്‍ക്ക് നിരോധനം ഉണ്ടാകും.

ഇതിന്റെ ഉത്പാദനം, സംഭരണം, വിതരണം, ഉപയോഗം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) നോട്ടീസ് അയച്ചു. ജൂണ്‍ 30-ന് മുമ്ബ് ഈ വസ്തുക്കള്‍ നിരോധിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന കാര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഇവ നിരോധിക്കാന്‍ 2021 ഓഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജൂലൈ 1 മുതല്‍ അത്തരം എല്ലാ വസ്തുക്കളും നിരോധിക്കാന്‍ കേന്ദ്രം സിപിസിബിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിപിസിബിക്ക് നല്‍കിയ നോട്ടീസ് പ്രകാരം, ജൂലൈ 1 മുതല്‍, പ്ലാസ്റ്റിക് സ്റ്റിക്ക് ഇയര്‍ബഡ്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്ക്, പ്ലാസ്റ്റിക് കൊടി, മിഠായി വടി, ഐസ്ക്രീം സ്റ്റിക്ക്, അലങ്കാരത്തിന് ഉപയോഗിക്കുന്ന തെര്‍മോക്കോള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും.

ഒപ്പം പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍, തവികള്‍, കത്തികള്‍, സ്‌ട്രോകള്‍, ട്രേകള്‍, മധുരപലഹാരങ്ങള്‍ പൊതിയാനുള്ള പ്ലാസ്റ്റിക്കുകള്‍, പ്ലാസ്റ്റിക് ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍, 100 മൈക്രോണില്‍ താഴെ കനമുള്ള പിവിസി ബാനറുകള്‍ തുടങ്ങിയ കട്ട്ലറി ഇനങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധനം ഏര്‍പ്പെടുത്തിയ ശേഷവും ഇത് വിപണിയില്‍ എത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രം അറിയിച്ചു. സിപിസിബിയുടെ നോട്ടീസില്‍, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കല്‍, പാരിസ്ഥിതിക നാശം വരുത്തിയെന്ന കാരണത്താല്‍ പിഴ ചുമത്തല്‍, അവയുടെ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങള്‍ അടച്ചുപൂട്ടല്‍ തുടങ്ങിയ കര്‍ശന നടപടികളായിരിക്കും കൈക്കൊള്ളുക.

ഇത്തരം പ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് ദോഷമാകുന്നത് എങ്ങനെ?

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എളുപ്പത്തില്‍ നശിപ്പിക്കാനോ പുനരുപയോഗം ചെയ്യാനോ കഴിയില്ല.
ഈ പ്ലാസ്റ്റിക്കിന്റെ നാനോ കണികകള്‍ ജലത്തെയും ഭൂമിയെയും ലയിപ്പിച്ച്‌ മലിനമാക്കുന്നു.
അവ ജലജീവികളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, അഴുക്കുചാലുകളും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും.
നല്‍കിയിരിക്കുന്ന സമയ പരിധിക്കുള്ളില്‍ നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നോട്ടീസില്‍ നിര്‍ദേശമുണ്ട്.

എല്ലാ നിര്‍മ്മാതാക്കള്‍, സ്‌റ്റോക്കിസ്റ്റുകള്‍, കടയുടമകള്‍, ഇ-കൊമേഴ്‌സ് കമ്ബനികള്‍, തെരുവ് കച്ചവടക്കാര്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, സിനിമാ ഹാളുകള്‍, ടൂറിസ്റ്റ് ലൊക്കേഷനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസ് കോംപ്ലക്സുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരോട് ഈ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന വിവരം അറിയിക്കാനും സിപിസിബിയെ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 30-നകം സ്റ്റോക്ക് തീര്‍ന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാവരെയും അറിയിക്കണമെന്നും ജൂലായ് 1 മുതല്‍ നിരോധനം പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *