പിണറായിക്ക് ഭരിക്കാനറിയില്ല; ആഭ്യന്തരത്തിന് വേറെ മന്ത്രി വേണമെന്ന് സിപിഎം

January 5, 2022
120
Views

കുമളി : സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. ആഭ്യന്തര വകുപ്പിനുമാത്രമായി മന്ത്രി വേണമെന്നും പ്രവര്‍ത്തകര്‍ സമ്മേളന വേദിയില്‍ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ അക്കമിട്ടുനിരത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ശോഭയില്ലാതാക്കുന്നു. അവര്‍ക്ക് നാട് നന്നാക്കാന്‍ ആഗ്രഹമില്ല. അതിനാല്‍ ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിയെ കൊണ്ടുവന്ന് ഇത് പരിഹരിക്കാനും ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിയുണ്ടെങ്കില്‍ പോലീസിന്റെ ചില ചെയ്തികള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവരുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. നാട് നന്നാക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പോലീസ് അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത്തവണ സമ്മതിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പോലീസിന്റെ ഇടക്കാല പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ സംസ്ഥാന പോലീസിനെ മൊത്തം വിമര്‍ശിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു മുമ്ബ് കോടിയേരി പ്രസ്താവന നടത്തിയത്.

ഇത് കൂടാതെ സിപിഐയുടെ വകുപ്പുകള്‍ സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ടെന്നും കോടിയേരി വിമര്‍ശിച്ചു. റവന്യൂ- കൃഷി വകുപ്പുകള്‍ ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധം മൃഗങ്ങളുമായിട്ടാണെന്നും മനുഷ്യരുമായി ബന്ധമില്ലാത്തതിനാലാണ് മൃഗങ്ങളെപ്പോലെ പെരുമാറുന്നതെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.യ്ക്കെതിരായി സമ്മേളന പ്രതിനിധികളുയര്‍ത്തിയ വിമര്‍ശനത്തെ പിന്തുണച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *