ന്യൂഡല്‍ഹി : പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴി കഴിഞ്ഞ വര്‍ഷം മാത്രം 22 ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പരാതി ലഭിച്ച ഉടന്‍ തന്നെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മുന്‍ഗണന നല്‍കി മൂന്നു ദിവസത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം അതിവേഗത്തിലാണ് പരാതികള്‍ തീര്‍പ്പാക്കുന്നത്. 87 ശതമാനം മന്ത്രാലയങ്ങളും വകുപ്പുകളും 45 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.