തൃശൂര്‍: ജില്ലയില്‍ 3413 പേര് അനധികൃതമായി പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തല്‍. ഇവരില്‍നിന്ന് തുക തിരിച്ചുപിടിക്കാന്‍ കൃഷിവകുപ്പ് നടപടി തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരില്‍ ഉയര്‍ന്ന ശമ്ബളവും പെന്‍ഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും ഉള്‍പ്പെടെയുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി പലരും വ്യാജ സത്യവാങ്മൂലം നല്‍കിയാണ് സ്വന്തമാക്കിയത്.
ഇങ്ങനെ തെറ്റായ രേഖകള്‍ നല്കി കൈപ്പറ്റിയ ഇനത്തില്‍ മൂന്ന് കോടിയോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരോട് തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചവരില്‍ 316 പേര് അനര്‍ഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടച്ചു. അപേക്ഷകന് നല്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുക അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത്. പിന്നീട് ഇത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴായിരുന്നു സത്യവാങ്മൂലങ്ങള്‍ പലതും തെറ്റാണെന്ന് കണ്ടെത്തിയത്.
3.76 ലക്ഷം പേര്‍ക്കാണ് പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 4.12 ലക്ഷം അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. 2000 രൂപ വീതം മൂന്നു വീതം ഗഡുക്കളായി ലഭിക്കുന്നതാണ് പദ്ധതി. തൃശൂര്‍ താലൂക്കിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 94,714 അപേക്ഷകളാണ് തൃശൂരില്‍ നിന്നുള്ളത്. തലപ്പിള്ളി താലൂക്കില്‍നിന്ന് 81,340 പേരും ചാലക്കുടിയില്‍നിന്ന് 67,528ഉം ചാവക്കാട് 58,091ഉം കൊടുങ്ങല്ലൂരില്‍ 44, 972ഉം മുകുന്ദപുരത്ത് 62,196ഉം അപേക്ഷകരാണുള്ളത്. 3413 അനര്‍ഹരില്‍ നോട്ടീസ് അയച്ചതിലൂടെ 316 പേരില്‍നിന്നായി 2.86 ലക്ഷം തിരിച്ചടച്ചു. ഇനി 2.94 കോടിയാണ് തിരിച്ചുപിടിക്കാനുള്ളത്. അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നടപടികളിലാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സരസ്വതി പറഞ്ഞു.