പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് ന്യുമോണിയ
പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. രോഗം ബാധിച്ചവരില്‍ നിന്ന് പടരുന്ന നാസോഫറിംഗല്‍ ഡ്രോപ്ലെറ്റുകള്‍ അല്ലെങ്കില്‍ എയറോസോള്‍ വഴിയാണ് ഈ അണുബാധ പടരുന്നത്.
രോഗപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമാകാത്തവരോ (നവജാതശിശുക്കള്‍) പോഷകാഹാരക്കുറവോ എച്ച്‌ഐവി പോലുള്ള രോഗങ്ങളോ മൂലം ദുര്‍ബലരോ ആയ കുട്ടികളാണ് ന്യുമോണിയയ്‌ക്ക് കൂടുതല്‍ ഇരയാകുന്നത്.
വിവിധ രോഗങ്ങളുള്ള കുട്ടികള്‍ക്ക് ന്യുമോണിയയുടെ അപകടസാധ്യത കൂടുതലാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ന്യുമോണിയ കേസുകളുടെ വര്‍ധനവ് ഉണ്ടാകുന്നു.
പ്രതിരോധ കുത്തിവയ്‌പ്പുകള്‍, വ്യക്തിശുചിത്വം, ഗാര്‍ഹിക വായു മലിനീകരണം കുറയ്‌ക്കല്‍, എച്ച്‌ഐവി പ്രതിരോധം, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില്‍ ആന്റിബയോട്ടിക് പ്രതിരോധം എന്നിവ പ്രധാനമാണ്.
നല്ല വ്യക്തിശുചിത്വം, ഇടയ്‌ക്കിടെ കൈകഴുകുക, മാസ്‌ക് ധരിക്കുക, രോഗങ്ങള്‍ വ്യാപിക്കുന്ന സമയത്ത് വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ പീഡിയാട്രിക് ന്യുമോണിയയുടെ വ്യാപനം തടയാൻ സഹായിക്കും. വീടുകള്‍ നന്നായി വായുസഞ്ചാരമുള്ളതായിരിക്കണം. ഇൻഡോര്‍ വായു മലിനീകരണം ഒഴിവാക്കുന്നതും പ്രധാനമാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരെ സര്‍ക്കാരുകള്‍ സജീവമായിരിക്കണം.
തണുത്ത ഈര്‍പ്പവും പൂപ്പല്‍ നിറഞ്ഞ ചുറ്റുപാടുകളും ന്യുമോണിയയ്‌ക്കുള്ള അപകട ഘടകമാണ്. മതിയായ സൂര്യപ്രകാശം, ശുദ്ധവായു, വ്യായാമം എന്നിങ്ങനെ സജീവമായ ജീവിതശൈലി നിലനിര്‍ത്തണം. പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ന്യുമോണിയ തടയുന്നതില്‍ നല്ല പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മുലയൂട്ടല്‍ ഒരു കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നും മറ്റ് അണുബാധകളില്‍ നിന്നും പല തരത്തില്‍ സംരക്ഷിക്കുന്നു. അതിനാല്‍ മുലയൂട്ടല്‍ പ്രധാനമാണ്. വിറ്റാമിൻ എ, ഡി, ഇരുമ്ബ്, മൈക്രോ ന്യൂട്രിയന്റ് എന്നിവ ആവശ്യമുള്ളപ്പോള്‍ നല്‍കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും.
കൊതുക് തിരി, കീടനാശിനികള്‍, പെയിന്റില്‍ നിന്നുള്ള ലെഡ്, ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്നിവയെല്ലാം വീടിനുള്ളിലെ വായുവിനെ മലിനമാക്കും. ചില ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം.
പഠനങ്ങള്‍ പ്രകാരം, വീടിനുള്ളിലെ പുതിയ പെയിന്റിങ്ങ്, ചുവരില്‍ ഉപയോഗിക്കുന്ന കവറുകള്‍, ഗ്യാസ് ഉപകരണങ്ങള്‍, പുകയില, പുക എന്നിവ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ, വൃത്തിയുള്ള പാചക സംവിധാനങ്ങളുടെ അഭാവവും ഗ്രാമീണ മേഖലയില്‍ ന്യുമോണിയ മരണനിരക്ക് വര്‍ധിപ്പിക്കുന്നു