കാസർഗോഡ് : കേരളത്തിൽ വരാനിരിക്കുന്ന എയിംസ് ആശുപത്രി കാസർഗോഡ് സ്ഥാപിക്കണമെന്നാവശ്യവുമായി എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ ജനുവരി 13 മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ച് , കെ.സി.വൈ.എം. തലശ്ശേരി അതിരൂപത ഏകദിന ഉപവാസസമരം നടത്തി. കാസര്‍ഗോഡിന്റെ പേര് എയിംസ് പ്രൊപ്പോസലില്‍ ഉള്‍പ്പടുത്തി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കണം എന്നാണ് കെ സി വൈ എം ആവശ്യപ്പെട്ടത്
എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം എയിംസ് സ്ഥാപിക്കാനായി കേരളത്തിലെ മറ്റ് നാല് ജില്ലകളുടെ പ്രൊപ്പോസലാണ് സംസ്ഥാന സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല.
കാസർഗോഡിന്റെ ഈ ജനകിയ സമരം കെ.സി.വൈ.എം. ഏറ്റെടുക്കുന്നതായും അതിരൂപതയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ എയിംസിൻ്റെ ആവിശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കും എന്നും , ഇതേ തുടർന്ന് വരും ദിവസങ്ങളിൽ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, പനത്തടി, തോമപുരം ഫൊറോനകളുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ പ്രതിഷേധസദസ്സും മാർച്ച് 1 ന് മനുഷ്യചങ്ങലയും സംഘടിപ്പിക്കും എന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് ജോയൽ ജോസഫ് തൊട്ടിയിൽ പറഞ്ഞു
അതോടൊപ്പം എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കേരളത്തിന് അനുവദിക്കാവുന്ന എയിംസ് കാസർഗോഡ് സ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കാസർഗോഡ് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രതിഷേധ ജാഥയായിട്ടാണ് കെ സി വൈ എം പ്രവർത്തകർ സമരപ്പന്തൽ എത്തിയത്
മുൻ അതിരൂപത പ്രസിഡണ്ടുമാരായ സിജോ അമ്പാട്ട് , വിപിൻ ജോസഫ് മാറാട്ടുകുന്നേൽ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു
സോജോ ചക്കാലക്കൽ , ജിബിൻ ജോസഫ് തുണ്ടത്തിൽ , അൽന ആൻ്റണി , സി. ജയ ആൻ്റോ , അമ്പലത്തറ കുഞ്ഞികൃഷ്ണൻ , അൻസിൽ രാജു , ഡിമൽ പനത്തടി എന്നിവർ ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി