കൈക്കൂലിവാങ്ങിയ കണ്ണൂരിലെ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് നീക്കം

May 31, 2024
39
Views

വളപട്ടണം: സംസ്ഥാനമാകെ പൊലിസ്-ഗുണ്ടാവിവാദം കത്തിനില്‍ക്കവെ കണ്ണൂര്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിലെ പൊലിസുകാരുടെ മണല്‍മാഫിയ ബന്ധത്തെ കുറിച്ചുവിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കി ജില്ലയിലെ തീരദേശസ്റ്റേഷനുകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മണല്‍മാഫിയാ സംഘങ്ങളുമായി സാമ്ബത്തികബന്ധങ്ങള്‍ ഉണ്ടെന്ന വിവരം വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പൊലിസുകാര്‍ മണല്‍ കടത്തിന് ഒത്താശ ചെയ്യുന്നതിനായി സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിവരം.

മണല്‍കടത്തിന് ഗൂഗിള്‍ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയെന്ന വവിജിലന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി വാങ്ങിയ തെളിവുകള്‍ ലഭിച്ചതായും വിജിലന്‍സ് സംഘം അറിയിച്ചു.

മണല്‍വാരാന്‍ ഉപയോഗിക്കുമ്ബോള്‍ പിടിച്ചെടുത്ത മോട്ടോറുകള്‍ പൊലീസ് വില്‍പ്പന നടത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു. നാലംഗ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. മുന്‍പും വളപട്ടണം സ്റ്റേഷനെ സംബന്ധിച്ച്‌ സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. സ്റ്റേഷനിലെ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയും സിഐ, എസ്‌ഐ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടും തങ്ങള്‍ക്കെതിരെ പൊലിസ് നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ചു മണല്‍ മാഫിയയിലെ ചിലരാണ് വിജിലന്‍സിന് പരാതി നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പൊലിസും മണല്‍മാഫിയയും തമ്മിലുളള ബന്ധത്തെ കുറിച്ചു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വരും ദിനങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. നേരത്തെ കണ്ണൂര്‍ റൂറല്‍ പൊലിസ് പരിധിയിലെ തളിപറമ്ബ് സ്റ്റേഷനില്‍ മണല്‍ കടത്തിനിടെ പിടികൂടിയ മിനിലോറി ആക്രികച്ചവടക്കാര്‍ വില്‍പനനടത്തിയത് വന്‍വിാദമായിരുന്നു. സംഭവത്തില്‍ മൂന്ന് പൊലിസുകാരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ പൊലിസിലെ അഴിമതിവ്യാപകമായിട്ടും ആഭ്യന്തരവകുപ്പ്നിഷ്‌ക്രീയമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *