കൊച്ചി: പോലീസിനെതിരേ മുൻപുണ്ടായ പരാതികളിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നതൊന്നും ഉണ്ടാവുമായിരുന്നില്ലെന്ന് ഹൈക്കോടതി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ വീഴ്ച കാരണം നിയമവിദ്യാർഥിനി മൊഫിയ പർവീൺ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരോക്ഷ വിമർശനം.
തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് ഇന്ദിര നഗറിൽ രജനിവിലാസത്തിൽ രാജീവിനെ വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തില്ലെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തിൽ നേരത്തേ കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനെത്തുടർന്ന് ഇൻസ്പെക്ടർ വിശ്വംഭരനെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, എസ്.ഐ. ശാലു ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷക അറിയിച്ചു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്നും അതിനായി സമയം അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകൻ ഇ.സി. ബിനീഷ് ആവശ്യപ്പെട്ടു. തുടർന്ന് ഹർജി മാറ്റി.