പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനിലൂടെ നേടാം

May 26, 2023
40
Views

ഒമാനില്‍ ഇനി പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം.

മസ്കത്ത്: ഒമാനില്‍ ഇനി പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം. സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി അപേക്ഷിക്കാമെന്ന് ആര്‍.ഒ.പി പ്രസ്താവനയില്‍ പറഞ്ഞു.

ഡിജിറ്റല്‍ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി റോയല്‍ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റിന് പുറമെ, ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ ആര്‍.ഒ.പി സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററില്‍ നടക്കുന്ന വിവര സാങ്കേതിക പ്രദര്‍ശനമായ ‘കോമെക്സ് 2023’ലാണ് സേവനങ്ങള്‍ പ്രഖ്യാപിച്ചത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ക്രിമിനല്‍ എൻക്വയറീസ് ആൻഡ് ഇൻവെസ്റ്റിഗേഷനാണ് ഈ സേവനം നല്‍കുന്നത്. സുല്‍ത്താനേറ്റിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചും ഒമാനിന് പുറത്തുള്ള താമസക്കാര്‍ക്കായി ആര്‍.ഒ.പി വെബ്‌സൈറ്റ് വഴിയും ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കാം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനില്‍ അപേക്ഷിക്കണമെങ്കില്‍ ആക്ടിവായ സിം കാര്‍ഡ് ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരന്മാരാണെങ്കില്‍ ഒ.ടി.പി ലഭിക്കുന്നതിന് ആക്ടിവായ മൊബൈല്‍ നമ്ബര്‍ നിര്‍ബന്ധമാണ്.

സുല്‍ത്താനേറ്റിന് പുറത്തുള്ള വിദേശികള്‍ക്ക്, അവര്‍ ഒമാനിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച അവസാന പാസ്‌പോര്‍ട്ടും ഒമാനില്‍ താമസിക്കുന്ന കാലയളവില്‍ സിവില്‍ സ്റ്റാറ്റസ് പ്രകാരം നല്‍കിയ സിവില്‍ നമ്ബറും നല്‍കണം. പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൗരന്മാരില്‍നിന്ന് മൂന്ന് റിയാലും പ്രവാസികളില്‍നിന്ന് 20ഉം ഈടാക്കും. അപേക്ഷകന്‍റെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങളോ മറ്റോ ഉണ്ടോ എന്ന് അേന്വഷിച്ച്‌ വ്യക്തത വരുത്തി ഒരു രാജ്യത്തെ പൊലീസോ സര്‍ക്കാര്‍ ഏജൻസികളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് പൊലീസ് ക്ലിയറൻസ്. അറസ്റ്റ്, ശിക്ഷാവിധി തുടങ്ങിയവയെല്ലാം ഒരുപക്ഷേ ക്രിമിനല്‍ നടപടികളുടെ പരിധിയില്‍ ഉള്‍പ്പെട്ടേക്കാം.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *