നാലാം ഘട്ടം സംഘര്‍ഷഭരിതം.. പലയിടത്തും ഇവിഎം തകരാര്‍; പോളിംഗ് അവസാനിച്ചു

May 14, 2024
20
Views

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ആറ് മണിക്കാണ് അവസാനിക്കേണ്ടിയിരുന്നത്.

എന്നാല്‍ പലയിടത്തും ആറ് മണിക്ക് ശേഷവും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. ഇതോടെ വരിയിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി. അഞ്ച് മണി വരെ 63 ശതമാനത്തിലേറെ പോളിംഗ് ആണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയത്.

അന്തിമ കണക്കുകള്‍ വരാനിരിക്കുന്നതേ ഉള്ളൂ. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 മണ്ഡലങ്ങളിലേക്കാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും നടന്ന അക്രമസംഭവങ്ങളും നിരവധി പ്രദേശങ്ങളില്‍ ഇവിഎം തകരാറുകളുണ്ടെന്ന റിപ്പോര്‍ട്ടുകളും പോളിംഗ് പ്രക്രിയയെ സാരമായി ബാധിച്ചു.

നിലവിലെ കണക്ക് പ്രകാരം പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 75.66%. ഏറ്റവും കുറവ് 35.75% പോളിംഗ് രേഖപ്പെടുത്തിയ ജമ്മു കശ്മീരിലാണ്. വൈകിട്ട് 5 മണിവരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരമാണ്. ആന്ധ്രാപ്രദേശ് – 68.04%, ബീഹാര്‍ – 54.14%, ജാര്‍ഖണ്ഡ് – 63.14%, മധ്യപ്രദേശ് – 68.01%, മഹാരാഷ്ട്ര – 52.49%, ഒഡീഷ – 62.96%, തെലങ്കാന – 61.16%, ഉത്തര്‍പ്രദേശ് – 56.35%.

തെലങ്കാനയിലെ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ മാധവി ലത ബുര്‍ഖ ധരിച്ച സ്ത്രീകളോട് ഐഡന്റിറ്റി വെരിഫിക്കേഷനായി മുഖം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുത്തു. അതേസമയം പോളിംഗ് ബൂത്തില്‍ അട്ടിമറി നടത്താന്‍ ആളുകളുണ്ടെന്നാരോപിച്ച്‌ മാധവി ബൂത്തിന് പുറത്ത് പ്രതിഷേധിച്ചു.

ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. വൈഎസ്‌ആര്‍സിപിയും ടിഡിപിയും അക്രമങ്ങളില്‍ പരസ്പരം പഴിചാരി. വൈഎസ്‌ആര്‍സിപി നേതാവ് എ ശിവകുമാര്‍ തെനാലിയില്‍ വോട്ടറെ കയ്യേറ്റം ചെയ്തു. ദളവായ്പള്ളി ഗ്രാമത്തില്‍ ഒരു ഇവിഎം നശിപ്പിക്കുകയും ഭരണകക്ഷിയുടെയും ടിഡിപി അംഗങ്ങളുടെയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ചില ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അടിസ്ഥാന സൗകര്യങ്ങളും വികസനവും സംബന്ധിച്ച പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പില്‍ നിന്ന് ഗ്രാമവാസികള്‍ വിട്ടുനിന്നത്. ബിര്‍ഭം, ബര്‍ധമാന്‍-ദുര്‍ഗാപൂര്‍ ലോക്സഭാ സീറ്റുകള്‍ക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനാല്‍ പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് സംഘര്‍ഷഭരിതമായിരുന്നു.

65 ബാലറ്റ് യൂണിറ്റുകള്‍, 83 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 110 വിവിപാറ്റുകള്‍ എന്നിവ മാറ്റിസ്ഥാപിച്ച ഒഡീഷയിലും ഇവിഎം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിക്കുന്നതിന് മുമ്ബ് മോക്ക് പോള്‍ മുതല്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിനിടെ ഡ്യൂട്ടി വീഴ്ചയുടെ പേരില്‍ സംസ്ഥാനത്തെ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നികുഞ്ജ ബിഹാരി ധാല്‍ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ വിദൂര പ്രദേശങ്ങളില്‍ വോട്ടര്‍മാരുടെ പ്രവേശനം തടസപ്പെടുത്താനുള്ള മാവോയിസ്റ്റ് ശ്രമങ്ങള്‍ സുരക്ഷാ സേന പരാജയപ്പെടുത്തി. മാവോയിസ്റ്റുകള്‍ മരം വീഴ്ത്തി വെസ്റ്റ് സിംഗ്ഭും ജില്ലയിലെ വിദൂര സോനാപി, മൊറംഗ്പോംഗ മേഖലകളിലേക്കുള്ള റോഡ് തടഞ്ഞു. അതേസമയം, ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നഷ്ടപ്പെട്ടതിനാല്‍ ചില കശ്മീരി പണ്ഡിറ്റുകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.

8.73 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ 17.70 കോടിയിലധികം വോട്ടര്‍മാരുള്ള നാലാം ഘട്ടത്തില്‍ ആകെ 1,717 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഈ ഘട്ടത്തോടെ 543 ല്‍ 379 സീറ്റുകളിലേക്കാണ് പോളിങ് അവസാനിക്കുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം യഥാക്രമം 66.14, 66.71, 65.68 എന്നിങ്ങനെയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ഘട്ടങ്ങള്‍ മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 4 ന്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *