പന്തളം: പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസ്സോസിയേഷൻ നീതി തേടി സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കു മാർച്ചും ധർണ്ണയും നടത്തുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 14നു നടക്കുന്ന മാർച്ചിലും ധർണ്ണയിലും എല്ലാ ജില്ലകളിൽ നിന്നുള്ളവരും പങ്കെടുക്കും.
പോപ്പുലർ ഫൈനാൻസ് അടച്ചു പൂട്ടിയപ്പോൾ നിക്ഷേപകരെ സഹായിക്കാനായി നിയമിച്ച നിലവിലുള്ള കോംപിറ്റൻ്റ് അതോറിറ്റിയുടെ പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ പുതിയ ആളെ നിയമിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ബഡ്സ് ആക്ട് നിയമപ്രകാരം കോടതികൾ സ്ഥാപിച്ചു നിക്ഷേപകർക്കു ക്ലെയിം ചെയ്യാനുള്ള സൗകര്യം ഒരുക്കണം.
കർണ്ണാടകയിൽ ഐഎംഎ കേസിലേതുപോലെ എല്ലാ നിക്ഷേപകർക്കും ഓൺലൈനായി ക്ലെയിം ചെയ്യുന്നതിനു കേരള സർക്കാരും സൗകര്യമൊരുക്കണം. നശിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാറുകളുൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കൾ പെട്ടെന്നു ലേലം ചെയ്തു പണം ട്രഷറിയിൽ നിക്ഷേപിക്കുകയോ, ആദ്യ ഗഡുവായി നിക്ഷേപകർക്കുവീതിച്ചു നല്കുവാനും നടപടികൾ സ്വീകരിക്കണം.
സിബിഐ, ഇഡി, എസ്എഫ്ഐഐഒ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ അന്വേഷണങ്ങൾ ഏകോപിപ്പിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേഗത്തിലാക്കണം. വിദേശത്തേക്കു കടത്തിയ പണത്തിൻ്റെ കൃത്യമായ കണക്ക് ഇൻ്റർപോളിൻ്റെ സഹായത്തോടെ കണ്ടെത്തണം. രാജ്യദ്രോഹ കുറ്റമായതിനാൽ എൻഐഎ അന്വേഷണവും വേണം.
കുറ്റക്കാരായ ജനറൽ മാനേജർമാരും ബ്രാഞ്ച് മാനേജർമാരും ഓഡിറ്റർമാരും ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്യണം. വിവരശേഖരണത്തിനായി സിബിഐ എറണാകുളത്തേക്ക് ആൾക്കാരെ വിളിക്കുന്നതിനു പകരം ജില്ലാ അടിസ്ഥാനത്തിൽ വിളിക്കണം. സംസ്ഥാന സർക്കാരിന് അസ്സോസിയേഷൻ നേരത്തെ നല്കിയ അപേക്ഷയിൽ നടപടികളൊന്നും സ്വീകരിക്കാത്തതെന്തുകൊണ്ടെന്നു സർക്കാർ വിശദീകരിക്കണം. പെൺമക്കളുടെ വിവാഹത്തിനും ചികിത്സയ്ക്കും ഒക്കെയായി നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെ ആത്മഹത്യയിലൂടെയും ഹൃദയാഘാതത്തിലൂടെയും നാല്പതിലേറെ പ്പേർക്കാണു ജീവൻ നഷ്ടമായത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടു വകയാറിലും പത്തനംതിട്ട കളക്ടറേറ്റിനു മുന്നിലും പ്രതിഷേധിച്ചവർക്കെതിരെ പെറ്റിയടിച്ചു ദ്രോഹിക്കുന്ന നടപടിയും അവസാനിപ്പിക്കണം.
14നു രാവിലെ 10നു മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് മുൻമന്ത്രി പന്തളം സുധാകരനും 12 മണിക്കു നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യുമെന്നും പ്രസിഡൻ്റ് ചന്ദ്രശേഖരൻ നായർ, പന്തളം ഏരിയ കോ-ഓർഡിനേറ്റർ പി.പി. ജോൺ, ഫാ. ഡാനിയേൽ പുല്ലേലിൽ എന്നിവർ പത്രസമ്മേളനത്തിൽ വ കെടുത്തു.