തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ നടന്ന അരുംകൊലയ്ക്ക് പിന്നിൽ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന. ഭാര്യ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായി ശ്യാമകുമാറിനെ അറസ്റ്റ് ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മർദ്ദിക്കുകയും ചെയ്തു.
പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കാണിച്ചുകൊടുത്തത് ശ്യാംകുമാറാണ്. കൊലയാളി സംഘത്തിലും ഇയാളുണ്ടായിരുന്നു. സുധീഷിനെ കൊലപ്പെടുത്താൻ ശ്യാം ഒട്ടകം രാജേഷിന്റെ സഹായം തേടി, സംഘത്തിലെ മറ്റുള്ളവരെ ഒന്നിപ്പിച്ചത് ഒട്ടകം രാജേഷാണ്. സമീപകാലത്ത് രാജേഷിനെതിരെ കേസുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാൾ പൊലീസ് റഡാറിന് പുറത്തായിരുന്നു. രാജേഷിനെ തേടി സുധീഷിനോട് പകയുള്ള മറ്റുള്ളവരുമെത്തി.കേസിലെ ഒന്നാം പ്രതി ഒന്നാംപ്രതി സുധീഷ് ഉണ്ണി എന്ന ആഴൂർ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതൽ പകയുണ്ടായിരുന്നു. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാൾ. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിർണായ പങ്കുവഹിച്ചതും ഇയാൾ തന്നെയാണ്. ഉണ്ണിയും രാജേഷും ഉൾപ്പെടെ കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോൾ ഒളിവിലാണ്.
വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ(23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ(24), കന്യാകുളങ്ങര കുണൂർ സ്വദേശി സൂരജ്(23) എന്നിവരാണ് കേസിൽ അവസാനമായി അറസ്റ്റിലായത്. ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിധീഷ് (മൊട്ട-27), ശാസ്തവട്ടം സീനഭവനിൽ നന്ദീഷ് (ശ്രീക്കുട്ടൻ-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത് (പ്രസാദ്-28) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാംപ്രതി സുധീഷ് ഉണ്ണി, രണ്ടാംപ്രതി ഒട്ടകം രാജേഷ്, മൂന്നാംപ്രതി ശ്യാംകുമാർ എന്നിവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്.
ഊരുപൊയ്ക മങ്കാട്ടുമൂലയിൽ അഖിൽ, വിഷ്ണു എന്നിവർക്ക് ഡിസംബർ ആറിന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിൽ കൊല്ലപ്പെട്ട സുധീഷ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഈ കേസിൽ സുധീഷിന്റെ സുഹൃത്തുക്കളിൽ ചിലർ അറസ്റ്റിലായിട്ടുണ്ട്. ഉണ്ണിയുടെ അമ്മയ്ക്ക് നേരെയുണ്ടായ ആക്രമണവും ശ്യാംകുമാറിന് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയുമാണ് പ്രധാന കാരണങ്ങൾ. സുധീഷ് കൊലയാളി സംഘത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഒട്ടകം രാജേഷിന്റെ നിയന്ത്രണത്തിലുള്ള പല മേഖലകളിലും സുധീഷ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്ന് വിവരമുണ്ട്. അഖിൽ, വിഷ്ണു എന്നിവർക്ക് വെട്ടേറ്റ സംഭവം കൊല ആസൂത്രണം ചെയ്യാന് സംഘത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ സുധീഷിനെ കൊല്ലാൻ ഉണ്ണി കാത്തിരുന്നു; കൊലയ്ക്ക് 11 കാരണങ്ങൾ
December 15, 2021