സി.പി.എം ഏരിയാ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കി

May 6, 2023
23
Views

സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപിനെ (46) ഇലന്തൂര്‍ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപിനെ (46) ഇലന്തൂര്‍ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. കൃഷി സംബന്ധമായി സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് പ്രദീപ് സൂചിപ്പിച്ചിരുന്നതായി സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇലന്തൂര്‍ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റാണ്.

വസതിയായ ഇലന്തൂര്‍ പ്രഭാ സദനത്തിന് അടുത്താണ് മൃതദേഹം കാണപ്പെട്ട പാര്‍ട്ടി ഓഫീസ്.

ഇന്നലെ രാവിലെ ബ്രാഞ്ച് സെക്രട്ടറിയില്‍ നിന്ന് ഓഫീസിന്റെ താക്കോല്‍ വാങ്ങിക്കൊണ്ടുപോയ പ്രദീപ് ,പത്ത് മണി വരെ അവിടെയുണ്ടായിരുന്നു. ഓഫീസില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫീസായിരുന്നു ലൊക്കേഷന്‍. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുമെത്തി അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ തകര്‍ത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് മുന്‍ അംഗമാണ്. കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍, എസ്‌.എഫ്‌.ഐ പത്തനംതിട്ട ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൃതദേഹം പത്തനംതിട്ട ജന.ആശുപത്രി മോര്‍ച്ചറിയില്‍.

സംസ്‌കാരം തിങ്കളാഴ്ച പകല്‍ ഒന്നിന്‌ വീട്ടുവളപ്പില്‍. അന്ന് രാവിലെ 7.30ന്‌ സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി ഓഫീസിലും ഒമ്ബതിന്‌ ഇലന്തൂര്‍ സര്‍വീസ്‌ സഹകരണ സംഘത്തിലും 10ന്‌ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്‌ക്കും.

പിതാവ്:രാധാകൃഷ്‌ണന്‍ നായര്‍. മാതാവ്: ഓമനയമ്മ സഹോദരങ്ങള്‍: പ്രഭ, രശ്‌മി. ഭാര്യ: ശ്രുതി (അദ്ധ്യാപിക). മക്കള്‍: ഗോവിന്ദ്‌, ഗൗരി (സ്കൂള്‍ വിദ്യാര്‍ത്ഥികള്‍)

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *