കൊച്ചി: ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി.
ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
149 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ആന്റണി രാജു ബസ് ഉടമകള്‍ക്ക് ഉറപ്പു നല്‍കി. അതേസമയം സീറ്റ് ബെല്‍റ്റ്, കാമറ എന്നിവയില്‍ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്ബോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കിലോമീറ്ററുകള്‍ വരെയുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല.
ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ദാരണകളുടെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.