ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളില്‍ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പി.എസ്.സിയില്‍ ആലോചന.
തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളില്‍ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പി.എസ്.സിയില്‍ ആലോചന.
പകരം പഴയതുപോലെ അതത് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്തി റാങ്ക് ലിസ്റ്ര് പ്രസിദ്ധീകരിക്കാനാണ് നീക്കം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലും ബാധകമാക്കും. മറ്റ് തസ്തികകളില്‍ നിലവിലെ രീതി തുടരും. ഇതേക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടന്നു.
പത്താംതരം, ഹയര്‍സെക്കന്‍ഡറി, ബിരുദം എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് വിവിധ തസ്തികകളില്‍ പരീക്ഷയെഴുതുന്നതിന് യോഗ്യത നേടാനാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. എന്നാല്‍, ഒരേ തലത്തില്‍ തന്നെ പലഘട്ടങ്ങളായി നടത്തുന്ന പ്രാഥമിക പരീക്ഷകള്‍ ചിലത് എളുപ്പമുള്ളതായിരിക്കും. മറ്റുചിലത് പ്രയാസമുള്ളതും.
വിവിധ ഘട്ട പരീക്ഷകള്‍ക്കു ശേഷം ചോദ്യങ്ങളുടെ നിലവാരം വിദഗ്ദ്ധ സമിതി പരിശോധിച്ച് മാര്‍ക്കുകള്‍ സമീകരിക്കാറുണ്ടെങ്കിലും പോരായ്മകളുണ്ടെന്ന് പരാതികള്‍ ഉയരുന്നുണ്ട്. പലഘട്ടങ്ങളായി നടത്തുന്നതിനാല്‍ രണ്ടാംഘട്ട പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസത്തിന് ഇടയാക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നീക്കം.
സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പ്രാഥമിക പരീക്ഷ വേണ്ടെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയേറ്റര്‍ മെക്കാനിക്ക്, പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍, എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് ഒറ്റ പരീക്ഷയാണ് പി.എസ്.സി ഇത്തവണ നടത്തിയത്.
അതേസമയം, പ്രാഥമിക പരീക്ഷ തുടരണമെന്ന അഭിപ്രായമുള്ളവരും കമ്മിഷനിലുണ്ട്. പലഘട്ടങ്ങളിലായി പ്രാഥമിക പരീക്ഷ നടത്തുമ്ബോള്‍ വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപ്പേപ്പര്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും വാദമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമ തീരുമാനം.
തുടങ്ങിയത് 2020 ഡിസംബറില്‍
അപേക്ഷകരുടെ എണ്ണം കുറച്ച് വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ കാലത്താണ് യു.പി.എസ്.സി മാതൃകയില്‍ പരീക്ഷകള്‍ രണ്ടുഘട്ടമാക്കിയത്. 2020 ഡിസംബര്‍ മുതലുള്ള പരീക്ഷകളിലാണ് നടപ്പാക്കിയത്.
മാര്‍ക്ക് സമീകരണം ഇങ്ങനെ
വിവിധ ഘട്ടങ്ങളിലെ പ്രാഥമിക പരീക്ഷയിലെ ചോദ്യങ്ങളെ അതികഠിനം, കഠിനം, ശരാശരി, ലളിതം, അതിലളിതം എന്നിങ്ങനെ തിരിച്ചാണ് മാര്‍ക്ക് സമീകരിക്കുക. അതിന്റെ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ഇതിനെക്കുറിച്ചുണ്ടാകുന്ന സംശയങ്ങള്‍ക്കും പരാതികള്‍ക്കും പി.എസ്.സി മറുപടി നല്‍കാറില്ലെന്ന് ആക്ഷേപമുണ്ട്.