അര്‍ധരാത്രിയിലെ ഉദ്യോഗസ്ഥ ക്രൂരത; ആറ് വര്‍ഷത്തിനുശേഷം നിഷക്ക് ജോലി

March 8, 2024
36
Views

പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ അർധരാത്രിവരെ കാത്തുനിന്ന നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍

തിരുവനന്തപുരം: പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ അർധരാത്രിവരെ കാത്തുനിന്ന നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് നഷ്ടമായ ജോലി ആറ് വര്‍ഷത്തിനുശേഷം നല്‍കാന്‍ മന്ത്രിസഭ തീരുമാനം.

കേരള സര്‍വിസസ് റൂള്‍സിലെ ചട്ടം 39 പ്രകാരം ജോലി കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിഷ ബാലകൃഷ്ണന് തദ്ദേശ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് തീരുമാനം. 2018 മാര്‍ച്ച്‌ 31ന് കാലാവധി അവസാനിച്ച എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയിലാണ് നിഷ ഉള്‍പ്പെട്ടിരുന്നത്. 2015 മാര്‍ച്ച്‌ 31ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിഷ 696ാം റാങ്കുകാരിയായിരുന്നു. നിഷ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികള്‍ ഒഴിവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട, ചെയ്യിച്ചു. ഒഴിവുകള്‍ മറച്ചുവെക്കുന്നത് തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തുകയും ചെയ്തു.

റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ച 2018 മാര്‍ച്ച്‌ 31ന് തിരുവനന്തപുരത്തെ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് നിയമന നിഷേധത്തിന് കളമൊരുക്കിയത്. കൊച്ചി കോര്‍പറേഷൻ മൂന്ന് ഒഴിവ് മാര്‍ച്ച്‌ 28ന് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. നഗരകാര്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകട്ടെ എറണാകുളം ജില്ല പി.എസ്.സി ഓഫിസര്‍ക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച്‌ 31ന് അര്‍ധരാത്രി 12നാണ്. പി.എസ്.സി ഓഫിസില്‍ ഇ-മെയില്‍ ലഭിച്ചത് രാത്രി 12 പിന്നിട്ട് നാല് സെക്കന്‍ഡുകള്‍ക്കുശേഷം. പട്ടികയുടെ കാലാവധി രാത്രി 12ന് അവസാനിച്ചെന്ന സാങ്കേതികത്വം പറഞ്ഞ് പി.എസ്.സി നിഷക്ക് നിയമനം നിഷേധിച്ചു. നിഷ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടർന്ന് ഹൈകോടതിയെ സമീപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിയോഗിച്ചു.

നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി. നിഷ ബാലകൃഷ്ണന് നഷ്ടപ്പെട്ട ജോലി നല്‍കാന്‍ സര്‍ക്കാറിന് തീരുമാനിക്കാമെന്ന് പുനഃപരിശോധന ഹരജി തീര്‍പ്പാക്കി ഹൈകോടതി ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ഇത് പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സീനിയോറിറ്റിക്ക് അര്‍ഹത.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *