പിഎസ്‌സിയുടെ കവര്‍ സംഘടിപ്പിച്ച്‌ സ്വന്തം മേല്‍വിലാസത്തിലേക്ക്‌ അയച്ചു; പരീക്ഷ എഴുതാതെ റാങ്ക്‌ ലിസ്റ്റില്‍

July 16, 2023
12
Views

നിയമന ഉത്തരവ് ലഭിച്ച രണ്ട് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതാണ് രാഖി തട്ടിപ്പിന് ഉപയോഗിച്ചത്.

കൊല്ലം > നിയമന ഉത്തരവ് ലഭിച്ച രണ്ട് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതാണ് രാഖി തട്ടിപ്പിന് ഉപയോഗിച്ചത്.

2022 ആഗസ്ത് ഒന്നിന് പിഎസ്സി പ്രസിദ്ധീകരിച്ച എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഇരുപത്തിരണ്ടാം റാങ്കുകാരൻ അമല്‍ എന്നയാള്‍ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയ രാഖി റാങ്ക് ലിസ്റ്റ് പകര്‍ത്തി മൊബൈലില്‍ സാങ്കേതികവിദ്യയിലൂടെ അമലിന്റെ സ്ഥാനത്ത് സ്വന്തം പേര് ചേര്‍ക്കുകയായിരുന്നു. എന്നിട്ട് പിഎസ്സിയുടെ കവര്‍ സംഘടിപ്പിച്ച്‌ സ്വന്തം മേല്‍വിലാസത്തിലേക്ക് അയച്ചു.

എന്നാല്‍, അമല്‍ റവന്യു വകുപ്പില്‍ പ്രവേശിക്കാതെ പഞ്ചായത്തുവകുപ്പില്‍ പ്രവേശിച്ച വിവരം രാഖിക്ക് എങ്ങനെ ലഭിച്ചുവെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ നിയമന ഉത്തരവ് സ്വന്തം വിലാസത്തില്‍ അയക്കാൻ രാഖി ഉപയോഗിച്ച കവര്‍ പിഎസ്സിയുടേത് ആണെന്ന് സംശയിക്കുന്നു. ഈ കവര്‍ എങ്ങനെ കിട്ടിയെന്നും പൊലീസ് അന്വേഷിക്കും. പുറത്തുള്ള ഡെസ്പാച്ച്‌ നമ്ബര്‍ ഉപയോഗിച്ച്‌ കവര്‍ മുമ്ബ് ആര്‍ക്കാണ് അയച്ചതെന്ന് പിഎസ്സി കണ്ടെത്തും.

പിഎസ്സിയുടെ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102-ാം റാങ്കിലുള്ളത് സരിഗ എന്നയാളാണ്. എന്നാല്‍, കൃത്രിമ റാങ്ക് പട്ടികയില്‍ ഈ സ്ഥാനത്ത് രാഖിയാണ്. ഇതും പിഎസ്സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുറ്റം മൂടിവയ്ക്കാൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നില്‍ രാഖി വ്യാജകഥകള്‍ മാറ്റിമാറ്റി പറഞ്ഞിരുന്നു. എല്‍ഡി ക്ലര്‍ക്ക് പരിക്ഷ മയ്യനാട് സ്കൂളില്‍ എഴുതിയെന്നാണ് പറഞ്ഞത്. എന്നാല്‍, ഈ ദിവസം സ്കൂളില്‍ പരീക്ഷ നടത്തിയിരുന്നില്ലെന്ന് പിഎസ്സി ജില്ലാ ഓഫീസര്‍ ടി എ തങ്കം തെളിയിച്ചു. അഡ്വൈസ് മെമ്മോ അയക്കുന്നതിന് പിഎസ്സിക്ക് പ്രത്യേക ലെറ്ററിങ്ങുണ്ട്.

അതിനിടെ വ്യാജരേഖകളെല്ലാം താൻതന്നെ സൃഷ്ടിച്ചതാണെന്ന രാഖിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വാളത്തുംഗല്‍ സ്വദേശിയായ അനീഷ് എന്നയാളുടെ സഹായം യുവതിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. കൊല്ലം പിഎസ്സി ഓഫീസിലെത്തിയ രാഖിയോട് അഡ്വൈസ് മെമ്മോയുടെയും നിയമന ഉത്തരവിന്റെയും യഥാര്‍ഥ കോപ്പി ചോദിച്ചിട്ട് കൊടുക്കാതിരുന്നതും തുടക്കത്തിലേ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പ് മണത്തു. പിന്നീട് സ്ഥലത്തെത്തിയ പൊലീസിന് രാഖി വ്യാജ രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു.

വ്യാജരേഖ സൃഷ്ടിച്ചതിലൂടെ രാഖി ഭര്‍ത്താവിനെയും ബന്ധുക്കളെയുമാണ് കബളിപ്പിച്ചത്. തുടക്കത്തില്‍ രാഖിക്കൊപ്പംനിന്ന് ബഹളം കൂട്ടിയ ഇവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത് വൈകിയാണ്. നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ വിട്ടയച്ചതും. ഭര്‍ത്താവിന് ജോലിയുണ്ടെന്നും തനിക്ക് ജോലിയില്ലാത്തതിന്റെ വിഷമം തീര്‍ക്കാനാണ് വ്യാജരേഖ ചമച്ചതെന്നും യുവതി കൊല്ലം ഈസ്റ്റ് പൊലീസിനോട് പറഞ്ഞു. 2018ല്‍ ആയിരുന്നു രാഖിയുടെ വിവാഹം. റെയില്‍വേ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്. നിയമന ഉത്തരവില്‍ ഡിസ്ട്രിക്‌ട് ഓഫീസര്‍ റവന്യു വകുപ്പ് കരുനാഗപ്പള്ളി എന്നു കണ്ടപ്പോഴേ പന്തികേട് മനസ്സിലായെന്ന് കരുനാഗപ്പള്ളി തഹസില്‍ദാര്‍ പി ഷിബു പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *