പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഒരു വനിതാ ഹോസ്റ്റലിന് മുന്നിൽ പട്ടാപ്പകൽ നഗ്നതാ പ്രദർശനം. ഇരുചക്രവാഹനങ്ങളിൽ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദർശനം നടത്തിയത്. ഹോസ്റ്റലിലെ വിദ്യാർഥിനികൾ അവരുടെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു സംഭവം. മുണ്ടും ഷർട്ടും ധരിച്ച് ബുള്ളറ്റിലും സ്കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നിൽ നിർത്തി വസ്ത്രം മാറ്റി നഗ്നത പ്രദർശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളിൽ പ്രായമുള്ളവർ വിദ്യാർഥിനികൾക്ക് നേരെ ലൈംഗീക ചേഷ്ടകൾ കാണിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുവരും ഹെൽമറ്റും മാസ്കും ധരിച്ചതിനാൽ ദൃശ്യങ്ങളിൽ നിന്നുമാത്രം ഇവരെ തിരിച്ചറിയാൻ പ്രായസമാണ്. വാഹനങ്ങളുടെ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമല്ല.
കഴിഞ്ഞ കുറച്ചുദിവസമായി ഹോസ്റ്റലിന് മുന്നിൽ തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ വിദ്യാർഥിനികൾ മാനസിക വിഷമത്തിലായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഏതാനും കുട്ടികൾ ഒന്നിച്ചാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പിന്നീട് ഇത് ഹോസ്റ്റൽ വാർഡനെ കാണിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പ്രതികളെ പിടികൂടാൻ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. മേഖലയിൽ വ്യാപകമായ പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.