സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്.
തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികള്‍ക്കാകും പള്‍സ് പോളിയോ ഇമ്യൂണൈഷൻ നല്‍കുക.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. 23,471 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം.
ഇന്ന് തുള്ളിമരുന്ന് നല്‍ഡകാൻ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദർശന വേളയില്‍ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന രോഗമാണ് പോളിയോ. ഇന്ത്യയില്‍ 2011-ന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.