ട്രാക്ടർ റാലിയ്ക്കിടെ അറസ്റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ; ഡെൽഹി പോലീസിന്‌ കടുത്ത അമർഷം

November 13, 2021
299
Views

ന്യൂ ഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയാണ് ട്വിറ്ററിൽ കൂടി സഹായ പ്രഖ്യാപനം നടത്തിയത്. എന്നാൽ അറസ്റ്റിലായ കർഷകർക്ക് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിൽ ഡെൽഹി പോലീസ് സേനയ്ക്കുള്ളിൽ കടുത്ത അമർഷമാണുള്ളത്.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ നിരവധി കർഷകർക്കെതിരെ അന്ന് ഡെൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ 83 കർഷകർക്കാണ് ഇപ്പോൾ പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പമാണ്. ദുരിതമനുഭവിക്കുന്ന കർഷകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഇകഴ്ത്തിക്കാണിക്കുന്ന നീക്കമാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ഡെൽഹി പോലീസ് വൃത്തങ്ങൾ പറയുന്നു. പഞ്ചാബ് സർക്കാരിന്റെ നിലപാട് കുറ്റവാളികളെ സഹായിക്കുന്ന നപടിയാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 83 കർഷകർ അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഇത്തരത്തിൽ ധനസഹായം നൽകുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നാണ് പ്രധാനമായും നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് കടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *