അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ചരൺജിത്ത് ഛന്നി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഹൈക്കമാൻഡല്ല, പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് ഇതിനോട് നവജ്യോത് സിദ്ദു പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ ആരാകും മുഖ്യമന്ത്രിയെന്ന തർക്കത്തിലാണ് പഞ്ചാബിലെ കോൺഗ്രസ്. കൂട്ടായായ നേതൃത്വത്തിലാകും എല്ലാം സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
എന്നാൽ, സംസ്ഥാന നേതൃത്വം ഇതിന് അനൂലമല്ല. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാണ് ചരൺജിത്ത് ഛന്നിയുടെ ആവശ്യം. ചുരുങ്ങിയ കാലം കൊണ്ട് ജനകീയനായ മുഖ്യമന്ത്രിയായി താൻ മാറിയെന്നും ഛന്നി പറയുന്നു. എന്നാൽ, ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിദ്ദു. ജനങ്ങളാണ് പഞ്ചാബിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, ഹൈക്കമാൻഡല്ലെന്ന് സിദ്ദു തുറന്നടിച്ചു.
ഏതായാലും നിലവിൽ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിക്കില്ല എന്ന് തന്നെയാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ അഭിപ്രായ സർവേകളിലടക്കം മൂൻതൂക്കം ലഭിച്ചതോടെ പ്രചാരണം കൂടൂതൽ ശക്തമാക്കുകയാണ് ആംആദ്മി പാർട്ടി. അടുത്ത ആഴ്ച മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജരിവാൾ അറിയിച്ചു. നിലവിൽ എംപിയും സംസ്ഥാന അധ്യക്ഷനുമായ ഭഗവന്ത് മാനാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ മുന്നിലെന്നാണ് സൂചന.