വാരിക്കോരി മാർക്കിട്ടു എന്നാണ് ആക്ഷേപം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

January 21, 2022
87
Views

തിരുവനന്തപുരം: ശക്തമായ വിവാദങ്ങൾക്കും എതിർപ്പുകൾക്കുമിടയിൽ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. എന്നാൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറയുന്നു.

കൊറോണ മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമായിരിക്കേ എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ്.

ഇത് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴാണ് ചോദ്യഘടനയെ വിദ്യാഭ്യസവകുപ്പ് ന്യായീകരിക്കുന്നത്. കഴിഞ്ഞ തവണ തന്നെ വാരിക്കോരി മാർക്കിട്ടു എന്നാണ് ആക്ഷേപം ഉയർന്നത്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം കൂടുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഹയർസെക്കന്‍ററി അക്കാദമിക് ജോയിന്‍റ് ഡയറക്ടർ ആർ സുരേഷ് കുമാർ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഇടത് അധ്യാപക സംഘടനകളടക്കം എതിർപ്പ് ഉയർത്തുമ്പോഴാണ് മാറ്റമില്ലെന്ന നിലപാട് വിദ്യാഭ്യാസവകുപ്പ് ആവർത്തിക്കുന്നത്. കഴിഞ്ഞവർഷത്തെ ഫലം വിശദമായി പഠിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം. ഫോക്കസ് ഏരിയ മാത്രം പഠിച്ചവർ പ്രവേശനപരീക്ഷകളിൽ പിന്നോക്കം പോയെന്ന വിലയിരുത്തലുണ്ടെന്നാണ് മറ്റൊരു ന്യായീകരണം.

സമയം കിട്ടിയില്ലെന്ന വാദം ശരിയല്ലെന്നും, നവംബറിൽ ഓൺലൈൻ ക്ലാസ് തുടങ്ങിയെന്നുമാണ് പറയുന്നത്. പക്ഷെ പ്ലസ് ടുക്കാർക്ക് ഈ വർഷം തന്നെ പ്ലസ് വൺ പരീക്ഷ എഴുതേണ്ടി വന്നതടക്കമുള്ള പ്രശ്നങ്ങൾ ലേഖനത്തിൽ സമ്മതിക്കുന്നുമുണ്ട്. സർക്കാർ ആശങ്ക മാറ്റണമെന്നാവശ്യപ്പെട്ട് വിവാദം പ്രതിപക്ഷം ഏറ്റെടുക്കുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *