ന്യൂഡല്‍ഹി: അപകടത്തില്‍ മരണമടഞ്ഞ നാലു കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രിയങ്കാ ഗാന്ധിയെ വിട്ടയയ്ക്കാനും തീരുമാനമായിട്ടുണ്ട്. ലഖിംപൂരിലെത്തിയ ശേഷം രാഹുലും പ്രിയങ്കയും ലവ്പ്രീത് സിംഗിന്രെ വീട് ആദ്യം സന്ദര്‍ശിക്കുമെന്ന് കരുതുന്നു. അതിനു ശേഷം രാമന്‍ കശ്യപിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം നന്‍പാറയിലേക്ക് തിരിക്കുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
ഇവരെ കൂടാതെ എം എല്‍ എ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘത്തിവും ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ഇന്നലെ ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഇവരെ 15 കിലോമീറ്റര്‍ ദൂരെ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത്രയും നാളുകളായി ലഖിംപൂര്‍ സന്ദര്‍ശിക്കണമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരുടെ ആവശ്യത്തിന് ഉത്തര്‍പ്രദേശ് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും ബി ജെ പിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യത്ത് ഏകാധിപത്യം ആണ് നടക്കുന്നതെന്നും ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.