നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണ്; രാഹുല്‍ ഗാന്ധി

July 19, 2021
140
Views

ന്യൂഡല്‍ഹി: പെഗസ്സസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണെന്ന ഒറ്റ വരിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെഗസ്സസ് വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.

മോദി സര്‍ക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഒരു സുപ്രീം കോടതി ജഡ്ജി, നാല്‍പ്പത് മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ പെഗസ്സസ് സ്പൈ വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാല്‍ അന്നും ഇത്തരം വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമായതാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

സ്പൈവെയര്‍ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷിഷിര്‍ ഗുപ്ത, ദ വയറിലെ ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിങ്, മലയാളി ജേര്‍ണലിസ്റ്റായ ജെ ഗോപികൃഷ്ണന്‍ തുടങ്ങിയവരുടെ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്.

Article Categories:
India · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *