വയനാട് ഒഴിയാൻ രാഹുല്‍;പകരം മത്സരിക്കാനില്ലെന്ന് പ്രിയങ്ക

June 9, 2024
47
Views

ന്യൂഡല്‍ഹി: റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് ഒഴിയാൻ ആണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്ബ് രാഹുല്‍ മണ്ഡലത്തിലെത്തി വോട്ടർമാർക്ക് നന്ദി പറയും. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

വയനാട് വിടുന്നതില്‍ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയില്‍ തുടരുന്നതെന്ന് മുതിർന്ന നേതാക്കള്‍ അറിയിച്ചു. നിലവില്‍ കേരളത്തില്‍ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.

വയനാട്ടില്‍ മത്സരിക്കാൻ പ്രിയങ്കയോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തയാറല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. റായ്ബറേലിയും അമേത്തിയും ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ വരുന്നതിനേക്കാള്‍ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനാണ് പ്രിയങ്ക താല്‍പര്യപ്പെടുന്നത്.

ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ഉടൻ തീരുമാനം അറിയിക്കാമെന്ന് രാഹുല്‍ പ്രതികരിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശും കെ.സി വേണുഗോപാലും വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *