ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ അയോഗ്യനാക്കിയ ഗുജറാത്ത് കോടതികളില്‍ നിന്നുള്ള വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ അയോഗ്യനാക്കിയ ഗുജറാത്ത് കോടതികളില്‍ നിന്നുള്ള വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വാദം കേട്ടു.
രാഹുലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് വാദം നടത്തുന്നത്. രാഹുല്‍ ക്രിമിനലല്ല, പരമാവധി ശിക്ഷ നല്‍കാന്‍ ഇത് കൊലപാതകമോ ബലാത്സംഗമോ അല്ല. എട്ടു വര്‍ഷം ഒരാളെ നിബ്ദനാക്കാന്‍ മാത്രമേ കഴിയൂ. കോലാറിലെ പ്രസംഗത്തില്‍ രാഹുല്‍ പരാമര്‍ശിച്ച ‘മോദി’മാരില്‍ ഒരാളുമല്ല പരാതി നല്‍കിയത്. പരാതിക്കാരനായ പൂര്‍ണേഷ് മോദി ബിജെപി എംഎല്‍എയാണ്. അദ്ദേഹത്തിന് ഈ കേസുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പേര് അദ്ദേഹം തന്നെ പൂര്‍ണ്ണേഷ് മോദ് എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. 13 കോടി പേരെ ബാധിക്കുന്ന പരാമര്‍ശമാണെന്ന് പരാതിക്കാരന്‍ പറയുന്നു. അത് എവിടെനിന്നുള്ള കണക്കാണെന്നും സിംഗ്‌വി ആരാഞ്ഞൂ. വയനാട് തിരഞ്ഞെടുപ്പിനെ കുറിച്ച് പരാമര്‍ശം നടത്തിയപ്പോള്‍ രാഷ്ട്രീയം പറയരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം സിംഗ്‌വി ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊരു പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ തെളിവില്ല. പത്ര കട്ടിംഗ് മാത്രമേ ഉള്ളൂ. രാഷ്ട്രീയ പ്രതിനിധികളെ ജനപ്രതിനിധി സഭകളില്‍ നിന്ന് പുറത്താക്കാന്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഉപയോഗിക്കരുത്. ഇന്ന് രാഹുല്‍ ഗാന്ധിയാണെങ്കില്‍ നാളെ മറ്റാരെങ്കിലും ഇരയാക്കപ്പെടും. ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കുന്നത് നീതികരിക്കാനാവില്ല. വിദേശരാജ്യങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ ഇത്തരം ശിക്ഷ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
ശിക്ഷയിലും വിധിയിലും സ്‌റ്റേയ്ക്ക് അസാധാരണ സാഹചര്യം ഉണ്ടാകണമെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു. കേസില്‍ ഇരുപക്ഷത്തിനും 15 മിനിറ്റാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ മഹേഷ് ജത്മലാനി വാദിച്ചു. രാഹുലിന്റെ പ്രസംഗം നേരിട്ട് കേട്ടത് എന്ന അവകാശപ്പെടുന്ന ഗണേഷ് എന്നയാളെ സാക്ഷിയായി കോടതിയില്‍ കൊണ്ടുവന്നു. തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി രാഹുലിന്റെ പ്രസംഗം ചിത്രീകരിച്ചയാളും സാക്ഷിയാണെന്ന് പൂര്‍ണേഷ് മോദി പറയുന്നൂ. കീഴ്‌കോടതികളില്‍ ഈ സാക്ഷി വന്നിരുന്നില്ല. കേസ് കോടതിയില്‍ എത്തി 21 മാസം കഴിഞ്ഞാണ് ഈ സാക്ഷി രംഗത്ത് വരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
മോദി എന്നത് സമുദായമല്ലെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ രാഹുല്‍ പ്രസംഗത്തില്‍ പേരെടുത്ത് പറഞ്ഞ ആളുകള്‍ക്ക് മാത്രമല്ല, ആ വിഭാഗത്തില്‍ പെടുന്ന ആര്‍ക്കും കേസ് നല്‍കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ ഉള്ളടക്കം ഓര്‍മ്മയില്ലെന്നാണ് രാഹുല്‍ പറഞ്ഞത് എന്ന് ജത്മലാനി വാദിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ എല്ലാം ഓര്‍ത്തിരിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ മറിച്ചുള്ള ചോദ്യം.
രാഹുല്‍ മുന്‍പ് നടത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശവും അപകീര്‍ത്തികരമാണ്. അപകീര്‍ത്തിക്കേസുകളില്‍ മാപ്പ് പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് അഹങ്കാരമാണെന്നും പൂര്‍ണേഷ് മോദി ചൂണ്ടിക്കാട്ടി. മുന്‍പ് ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് രാസുല്‍ ഗാന്ധിക്ക് താക്കീത് ലഭിച്ചതാണെന്നും മഹേഷ് ജത്മലാനി ഉന്നയിച്ചു. സുപ്രീം കോടതി ഉപദേശിച്ചിട്ടും രാഹുല്‍ സമീപനം മാറ്റുന്നില്ല.
അതേസമയം, അപകീര്‍ത്തിക്കേസില്‍ എന്തിനാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് വിചാരണ കോടതി പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല. തിരഞ്ഞെടുപ്പ് വരുന്ന വിഷയമാണ്. ഒരു വര്‍ഷം ശിക്ഷ നല്‍കിയാല്‍ പോലും അയോഗ്യത വരില്ലായിരുന്നുവെന്ന നിരീക്ഷണം കോടതി നടത്തി.
എല്ലാ മോദിമാരേയും കള്ളന്മാരെന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ഒരു വിഭാഗത്തെ മുഴുവന്‍ അപമാനിച്ചുവെന്ന് ജത്മലാനി ചൂണ്ടിക്കാട്ടി. അതില്‍ മാപ്പ് പറഞ്ഞാല്‍ പോലും അംഗീകരിക്കാനാവില്ല.- പൂര്‍മണഷ് മോദി പറഞ്ഞു.
മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തുടര്‍ വാദത്തിനിടെ, വയനാട്ടിലെ വോട്ടര്‍മാരുടെ പൗരവകാശം രാഹുലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാദം പൂര്‍ത്തിയായതോടെ ബെഞ്ച് അഞ്ച് മിനിറ്റ് പിരിഞ്ഞു. വിധി ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ പൂര്‍ണേഷ് മോദിയുടെ വാദത്തിന് മറുപടി നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ വാദം ഇനിയും നീളുമെന്ന് വ്യക്തമായി.
ജനപ്രതിനിധികളെ അപകീര്‍ത്തിക്കേസുകളില്‍ പരമാവധി ശിക്ഷ നല്‍കി അയോഗ്യരാക്കുന്നതൂം ഇത്തരം കേസുകളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നതുമാണ് കോണ്‍ഗ്രസ് കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ എല്ലാ ജനപ്രതിനിധികള്‍ക്കും ബാധകമാകുന്ന വിധി സമ്ബാദിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.