ന്യൂഡല്‍ഹി: 2027ഓടെ ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്.
ദീപാവലി സമയത്ത് ട്രെയിനില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ നീക്കം.
എല്ലാവര്ക്കും യാത്ര ഉറപ്പാക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും റെയില്‍വേയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദിവസേനയുള്ള ട്രെയിനുകള്‍ കൂട്ടുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചതായും പറയുന്നു.
പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുമെന്നും വര്‍ഷം 4,000 മുതല്‍ 5,000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനാണ് നീക്കമെന്നും റെയില്‍വെ അറിയിച്ചു.
നിലവില്‍ പ്രതിദിനം 10,748 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു, ഇത് പ്രതിദിനം 13,000 ട്രെയിനുകളായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അതായത് നാലുവര്‍ഷംകൊണ്ട് 3,000 ട്രെയിനുകള്‍ കൂടി പുതുതായി എത്തും. വര്‍ഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കൂടുതല്‍ ട്രാക്കുകള്‍ ഇടുക, വേഗത കൂട്ടുക, തുടങ്ങിയ നടപടികളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.