പേര് മാറ്റം ഉൾപ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി തിരൂർ റെയിൽവേ സ്റ്റേഷൻ.
മലപ്പുറം: പേര് മാറ്റം ഉൾപ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി തിരൂർ റെയിൽവേ സ്റ്റേഷൻ. ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ തിരൂർ റെയിൽ വേ സ്റ്റേഷനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്നാക്കും.
ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. ഉടനെ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരിട്ട് ചർച്ച നടത്തും. റെയിൽവേ സ്റ്റേഷന്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പിഎസിയ്ക്ക് നിരവധി നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ഇതേ തുടർന്നാണ് പേര് മാറ്റം സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്താനുള്ള തീരുമാനം.
റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന്റെ ഭാഗമായി മംഗലാപുരം റെയിൽ വേ സ്റ്റേഷനുകളിലും കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും പിഎസി അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരൂരിൽ എത്തിയത്. ഇവിടെ വച്ച് മാദ്ധ്യമങ്ങളോട് ആയിരുന്നു തിരൂർ റെയിൽവേ സ്‌റ്റേഷന്റെ വികസനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
തിരൂർ റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളാണ് ലഭിച്ചിരുന്നതെന്ന് കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് തന്നെ റെയിൽവേ സ്റ്റേഷനിൽ വിപുലമായ വികസന പദ്ധതികൾ കൊണ്ടുവരും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ തിരൂർ റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഘട്ടമായി 32 കോടിയുടെ വികസനം തിരൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരും. ഇതിന് പുറമേ നേരത്തെ നിശ്ചയിച്ച വികസന പ്രവർത്തനങ്ങളും നടത്തും. യാത്രികരുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രധാനമായും ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വിശദമാക്കി.
എൻഡ് ടു എൻഡ് ഷെൽട്ടർ പൂർത്തിയാകും. വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം വിപുലീകരിക്കും. വളരെ ആധുനികമായ രീതിയിൽ ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം കൊണ്ടുവരും. സെക്കൻഡ് എൻട്രികളിൽ ടിക്കറ്റ് കൗണ്ടറുകളിൽ മൂന്ന് എടിഎം കൗണ്ടറുകൾ സ്ഥാപിക്കും. വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. നിലവിൽ റെയിൽവേ സ്റ്റേഷനിൽ മതിയായ ജനറേറ്ററുകൾ ഇല്ലാത്ത സാഹചര്യം ഉണ്ട്. അമൃത് ഭാരത് സ്‌റ്റേഷന് പദ്ധതിയുടെ ഭാഗമായി തിരൂരിൽ സബ് സ്റ്റേഷൻ നിർമ്മിക്കുന്നുണ്ട്. ഇത് വരുന്നതോട് കൂടി ഈ പ്രശ്‌നത്തിന് പരിഹാരമാകും. റെയിൽവേ സ്റ്റേഷനിൽ 20 ക്യാമറകൾ കൂടി സ്ഥാപിക്കും. എയർപോർട്ടിന് സമാനമായ രീതിയിൽ ലൈറ്റിംഗ് സംവിധാനം ഉണ്ടാകും. തിരൂർ റെയിൽവേ സ്‌റ്റേഷനെ എയർപോർട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
തുഞ്ചന്റെ മണ്ണ് തുഞ്ചന്റെ പേരിൽ അറിയപ്പെടണം. റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് ലഭിച്ചത്. ഇതേ തുടർന്നാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് പേര് മാറ്റാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.