അയിലൂര്‍ പാട്ടുകാട്, കൈതച്ചിറ പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും മഴയിലും വീടുകള്‍ക്ക് മുകളില്‍ മരം പൊട്ടിവീണ് കേടുപാട് സംഭവിച്ചു.
നെന്മാറ: അയിലൂര്‍ പാട്ടുകാട്, കൈതച്ചിറ പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും മഴയിലും വീടുകള്‍ക്ക് മുകളില്‍ മരം പൊട്ടിവീണ് കേടുപാട് സംഭവിച്ചു.
മുപ്പതോളം വൈദ്യുതി പോസ്റ്റുകളും ഇന്‍സുലേറ്ററുകളും തകര്‍ന്നു.
വൈകിട്ട് നാലോടെയുണ്ടായ കാറ്റും മഴയും 15 മിനിറ്റ് മാത്രമേ നീണ്ടുനിന്നതെങ്കിലും വ്യാപക നാശനഷ്ടമാണുണ്ടായത്. തടി കയറ്റി ഓടിക്കൊണ്ടിരുന്ന വണ്ടാനത്ത് അനുവിന്റെ മിനി ലോറിക്ക് മുകളില്‍ വൈദ്യുതി പോസ്റ്റുകള്‍ പുഴങ്ങി വീണു. ചുമട്ടു തൊഴിലാളി വിജയന്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ലോറിക്ക് മുകളില്‍ വൈദ്യുതി ലൈന്‍ വീണുകിടന്നതിനാല്‍ കെ.എസ്‌ഇ.ബി അധികൃതരെ അറിയിച്ച ശേഷമാണ് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
പാട്ടുകാട് സുബ്രഹ്മണ്യന്റെ വീട് പ്ലാവ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. ശക്തമായ ചുഴലിക്കാറ്റില്‍ പട്ടുകാട് ആത്തിക്കയുടെ വീടിന്റെ മേല്‍പ്പുര മറിഞ്ഞുവീണു. തങ്കമണി കൈതച്ചിറ, ചെല്ലപ്പന്‍ പാട്ടുകാട്, യൂസഫ് പൊറ്റ, കമലം കൈതച്ചിറ എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരം പൊട്ടിവീണ് നാശനഷ്ടമുണ്ടായി. കൈതച്ചിറ അങ്കണവാടിക്ക് സമീപമുള്ള മഴമരം കടപുഴകി റോഡിലേക്ക് മറിഞ്ഞു വീണു. നൂറോളം റബ്ബര്‍ മരങ്ങളും കമുക്, പ്ലാവ്, മാവ്, തേക്ക്, തെങ്ങ് എന്നിവയും പൊട്ടിവീണിട്ടുണ്ട്. കാറ്റില്‍ പ്രദേശത്തെ വാഴകളും മറ്റു ഫലവര്‍ഷങ്ങള്‍ക്കും വ്യാപകമായി നിലംപൊത്തി.
കൈതച്ചിറ റോഡില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായി. വൈകിട്ട് ആറരയോടെ മരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴയിലും ചുഴലിക്കാറ്റിലും നാശമുണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്തംഗം എം.പത്മഗിരീശനും കയറാടി വില്ലേജ് ഓഫീസര്‍ വി.ഷാബുവും സംഘവും സന്ദര്‍ശിച്ചു.
വൈദ്യുതി ലൈനും പോസ്റ്റുകളും പൊട്ടിവീണ കൈതച്ചിറ, പട്ടുകാട് പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെ വൈദ്യുതി ബന്ധം വൈകിട്ട് ആറരയോടെ പുനഃസ്ഥാപിച്ചു.
വടക്കഞ്ചേരി: കനത്ത കാറ്റിലും മഴയിലും കിഴക്കഞ്ചേരി പുന്നപ്പാടം, തച്ചക്കോട്, കൊറ്റംകോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുന്നപ്പാടം പ്രഭാകരന്‍, കൊറ്റംകോട് കെ.വി.രാജന്‍, ഉമ്മര്‍, ഗോപാലന്‍, ഷിഹാബുദീന്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങളും നശിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിലാണ് നാശനഷ്ടമുണ്ടായത്.