ദുബായ്: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഴയെത്തിയിരിക്കുന്നത്.
നേരത്തെ ഒമാനില്‍ അടക്കം മഴയെ തുടര്‍ന്ന് 18 പേര് മരിച്ചിരുന്നു. ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപ്രവചനീയമാണ് കാലാവസ്ഥയാണ് ഇതിന് കാരണം. ബീച്ചില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. മെയ് രണ്ട് വ്യാഴാഴ്ച്ച വരെ ബീച്ചുകളും മാര്‍ക്കറ്റുകളുമെല്ലാം അടച്ചിടും. ദുബായില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയില്‍ യുഎഇയിലുണ്ടാവും.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. അതുപോലെ സ്കൂളുകളും അടച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിരവധി സ്കൂളുകളാണ് അടച്ചിരിക്കുന്നത്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഖാസിം മേഖലയിലാണ് മഴക്കെടുതികള്‍ രൂക്ഷമായിട്ടുള്ളത്. ഏഴ് മണിക്കൂറോളം അതിശക്തമായ മഴ തുടര്‍ന്നുവെന്ന് ബുറൈദയിലെ ഈജിപ്ഷ്യന്‍ നിവാസി പറഞ്ഞു. ഖാസിം അടക്കമുള്ള നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. റിയാദിലും മദീനയിലും മഴക്കെടുതികള്‍ രൂക്ഷമാണ്.
കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും സ്കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിരിക്കുകയാണ്. പലയിടത്തും വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്. റിയാദിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല.
കാറ്റും മഴയും, ഇടിയുമെല്ലാം സൗദിയില്‍ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച്ച തന്നെ മഴ കനത്തിരുന്നു. വ്യാഴാഴ്ച്ച ഉച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ബഹ്റൈനിലും കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച്ച അതിശക്തമായ മഴയാണ് ബഹ്റൈനില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതിശക്തമായ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും ഇടിയോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ട്. കുവൈത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച്ച മുതല്‍ കുവൈത്തില്‍ മഴ തുടരുന്നുണ്ട്. ഒമാനിലും മഴ തുടരുകയാണ്. വ്യാഴാഴ്ച്ചയോടെ യുഎഇയിലും ഒമാനും മഴ കനക്കും. യുഎഇയില്‍ ജീവനക്കാരോടെല്ലാം വീട്ടിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാര്‍ജയിലും ദുബായിലും സ്കൂളുകളില്‍ വിദൂര പഠനത്തിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒമാനില്‍ ഇടിയോട് കൂടി ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. സ്കൂളുകളെല്ലാം ഇവിടെ അടച്ചിരിക്കുകയാണ്.