സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും: പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

November 27, 2021
311
Views

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

അതേസമയം, തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. തിരുവണ്ണാമലയിൽ രണ്ട് പേരും അരിയല്ലൂർ, ശിവഗംഗ, ദിണ്ടിഗൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 11 ജില്ലകളിലെ 114 ദുരിതാശ്വാസ ക്യാംപുകളിലായി 10,523 പേരെ മാറ്റിപ്പാർപ്പിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, നാഗപട്ടണം ജില്ലകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള 15 തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 18 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ചെങ്കൽപേട്ടും ഒരു സംഘം കാഞ്ചീപുരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളായി സജ്ജരായുണ്ട്. ചെന്നൈയിൽ ഇന്നലെ മുതൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. നഗരത്തിലെ 59 ഇടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴ ചെന്നൈയിലുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ മൺസൂൺ കാലത്തെക്കാൾ 70 ശതമാനം അധികം മഴയാണ് തമിഴ്നാട്ടിൽ ഇതുവരെ പെയ്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *