സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളില്‍ 5 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മിതമായ മഴയ്ക്കാണ് സാധ്യത. അതേസമയം, ഒരു ജില്ലകളിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
മഴയ്ക്ക് പുറമേ, കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 11:30 വരെ 1.0 മീറ്റർ മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. അതിനാല്‍, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.